യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശനാക്കി കവര്‍ച്ച: ആറു മാസത്തിന് ശേഷം മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് നൂറനാട് പോലീസ്

0 second read
0
0

നൂറനാട്: യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശനാക്കി മൊബൈല്‍ ഫോണും മോട്ടോര്‍സൈക്കിളും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ആറു മാസത്തിന് ശേഷം പോലീസ് പിടികൂടി. നിരണം സെന്‍ട്രല്‍ ഭാഗത്ത് മുണ്ടനാരില്‍ വീട്ടില്‍ മുണ്ടനാരി അനീഷ് എന്നു വിളിക്കുന്ന എം.എ.അനീഷ് കുമാറിനെ (39)യാണ്  ഇന്നലെ രാത്രി എറണാകുളത്തു നിന്നും നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18 ന് നൂറനാട് കരിമാന്‍ കാവ് ക്ഷേത്രത്തിന് സമീപത്തു നിന്നും അരുണ്‍ കൃഷ്ണന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കാറിലും നിരണത്തെ ആളൊഴിഞ്ഞ വീട്ടിലും വച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മൊബൈല്‍ ഫോണും മോട്ടോര്‍സൈക്കിളും കവര്‍ച്ച ചെയ്യുകയായിരുന്നു.

മോഷണം, കൊലപാതക ശ്രമം, കഞ്ചാവ് കടത്തല്‍, ഭവനഭേദനം തുടങ്ങി മുപ്പതിലധികം കേസുകളില്‍ പ്രതിയായ അനീഷ് നിരണം ഭാഗത്തെ റോബിന്‍ഹുഡ് എന്നാണ് അറിയപ്പെടുന്നത്. ഇയാള്‍ നേതൃത്വം വഹിച്ച ക്രിമിനല്‍ സംഘമാണ് അരുണ്‍ കൃഷ്ണനെ തട്ടിക്കൊണ്ടു പോയത്. സംഘാംഗമായ റെനു രാജനെ കരിമാന്‍കാവ് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയതിന് കൈകാര്യം ചെയ്ത കൂട്ടത്തിലുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണ് അരുണ്‍ കൃഷ്ണനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സംഘത്തില്‍ പെട്ട  റെനു രാജന്‍ (26), ആദര്‍ശ് (19), ദീപക്ക് (19), മുഹമ്മദ് സെയ്ദലി (23), തരുണ്‍ തിലകന്‍ (19), അഖില്‍ . ടി .ആര്‍ (23), ഫൈസല്‍ (30), ഉണ്ണിക്കുട്ടന്‍ ( 30 ),  എന്നീ പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ സംഘത്തലവനായ മുണ്ടനാരി അനീഷ് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ ബിനു കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നിരണം പ്രദേശത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും നിരന്തരം തെരച്ചില്‍ നടത്തിയ അന്വേഷണ സംഘത്തിന് പലപ്പോഴും നിരാശപ്പെടേണ്ടി വന്നു. ഇതിനിടയില്‍ ഇയാളുടെ ബാംഗ്ലൂര്‍, എറണാകുളം യാത്രകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

മുണ്ടനാരി, നിരണം, വീയപുരം, തിരുവല്ല,  പ്രദേശങ്ങളില്‍ ഇയാളുടെ സംഘാംഗങ്ങളിലും നാട്ടുകാരിലും നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. ഇതിനിടയില്‍ കുത്തിയതോട് ഭാഗത്ത് വച്ച് ഇയാള്‍ വന്ന കാര്‍ പോലീസ് തടഞ്ഞു പരിശോധിച്ചു. പക്ഷേ, അനീഷ് ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന ഇയാളുടെ സഹോദരന്‍ അഖിലിനെ 4.5 കിലോ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും ലഹരിക്കും അടിമപ്പെട്ട ഇയാള്‍ മുണ്ടനാരി കേന്ദ്രീകരിച്ച് ചെറുപ്പക്കാരുടെ ഒരു സംഘത്തെ ആദ്യം ലഹരിക്കടിമപ്പെടുത്തിയ ശേഷം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിച്ചു വരികയായിരുന്നു.

ഇന്നലെ രാത്രി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളിത്താവളത്തില്‍ നിന്ന്  അനീഷ് കുമാറിനെ നൂറനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.  തിരുവല്ല, ആറന്മുള, ഹരിപ്പാട്, വീയപുരം, നൂറനാട്, മാന്നാര്‍,  എടത്വ എന്നീ സ്റ്റേഷന്‍ പരിധികളില്‍ 2007 മുതല്‍ 33 കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.  പതിനേഴാം വയസ്സില്‍ വാഹന മോഷണത്തിലാണ് ഇയാളുടെ ക്രിമിനല്‍ ചരിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി വീടുകയറി അക്രമം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയായി. നിലവില്‍ തിരുവല്ല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തലാണ്.

ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും 25 വയസിനു താഴെ പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്ത ചില കുട്ടികളും ലഹരിക്കടിമപ്പെട്ട് ഇയാളുടെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്. എസ്.ഐ
എസ്. നിതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എച്ച്. സിജു, വി. ജയേഷ്, ജംഷാദ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – 2 ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംസ്ഥാനതലത്തില്‍ കേരള പോലീസ്  നടപ്പാക്കുന്ന ഓപ്പറേഷന്‍ ആഗ്  – മായി ബന്ധപ്പെട്ട് ഗുണ്ടകള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മുണ്ടനാരി അനീഷിന്റെ അറസ്റ്റ്.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…