
കൊടുമണ്‍: ചന്ദനപ്പള്ളിയില്‍ വയോധികയുടെ തലയില്‍ തുണിയിട്ട് മൂടിയ ശേഷം മാല കവര്‍ന്ന സ്ത്രീയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ചന്ദനപ്പള്ളി പെരുമല വീട്ടില്‍ മുന്‍ അധ്യാപിക മറിയാമ്മ സേവ്യറി (84) ന്റെ മൂന്നര പവന്‍ വരുന്ന മാല പൊട്ടിച്ച കേസില്‍ ഇടത്തിട്ട ഐക്കരേത്ത് മലയുടെ ചരിവില്‍ ഉഷ (37)യാണ് പിടിയിലായത്. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് സംഭവം.
വിദഗ്ദ്ധമായ ആസൂത്രണത്തിലൂടെയാണ് മാല മോഷ്ടിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് എത്തിയ ശേഷം പരിചിത ഭാവത്തില്‍ വയോധികയെ വിളിച്ചു. അവര്‍ പുറത്തേക്ക് ഇറങ്ങി വന്നപ്പോള്‍ തലയില്‍ തുണിയിട്ട് മൂടി ാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഇതിനിടെ മറിയാമ്മയെ കഴുത്തിന് അമര്‍ത്തി തള്ളി താഴെയിടുകയും ചെയ്തു.
പ്രായാധിക്യം കാരണം ഇവര്‍ക്ക് കാഴ്ചയ്ക്ക് തകരാറുണ്ട്. ഭര്‍ത്താവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മോഷണത്തെപ്പറ്റി അദ്ദേഹം അറിഞ്ഞതുമില്ല. പൊട്ടിച്ചെടുത്ത മാലയുമായി ഉഷ ഉടനെ രക്ഷപ്പെട്ടു. മറിയാമ്മയുടെ കരച്ചിലും ബഹളവും കേട്ടാണ് ആളുകള്‍ വിവരം അറിയുന്നത്. മോഷ്ടാവ് മറിയാമ്മയുടെ വീട്ടിലേക്ക് കയറി പോകുന്നത് സമീപവാസിയായ ബന്ധു കണ്ടിരുന്നു. ഇതാണ് ഉഷയെ സംശയിക്കാന്‍ കാരണമായത്.
ഉടനെ കൊടുമണ്‍ പൊലിസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വ്യാപകമാക്കിയ അന്വേഷണത്തില്‍ പോലീസ് സംഘം ഉഷയുടെ വീട്ടിലെത്തി മാല കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, തുടര്‍നടപടികള്‍ പോലീസ് കൈക്കൊള്ളുകയും ചെയ്തു. ഉഷ നേരത്തെ മറിയാമ്മയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഇത് കാരണം വീടിനെപ്പറ്റിയും മറ്റും വ്യക്തമായ ധാരണയുണ്ടായിരുന്നത് മോഷണം നടത്താന്‍ എളുപ്പമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.