കോഴഞ്ചേരി: പത്തനംതിട്ട ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഗള്‍ഫ് എന്ന റിയപ്പെടുന്ന സ്ഥലമാണ് കോയിപ്രം പൊലീസ് സ്‌റ്റേഷന്‍. മണ്ണ്, മണല്‍, പാറ തുടങ്ങി നിരവധി വരുമാന മാര്‍ഗമാണ് ഇവിടെയുള്ളത്. ഇവിടെ പോസ്റ്റിങ് കിട്ടാന്‍ അരക്കോടി വരെയാണ് രാഷ്ട്രീയക്കാര്‍ക്ക് പടി എന്നാണ് പറയുന്നത്. അങ്ങനെയുളള കോയിപ്രത്ത് വന്ന ചുരുക്കം ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് ധനസമ്പാദനത്തിന് മുതിരാതെ മാഫിയകള്‍ക്കെതിരേ പട പൊരുതിയിട്ടുള്ളത്. ആ ഗണത്തില്‍ അവസാനത്തെയാളാണ് നിലവിലുള്ള ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍.
എന്നാല്‍, സിപിഎമ്മില്‍ പുതുതായി ഉദിച്ചുയര്‍ന്ന നേതാവിന്റെ താല്‍പര്യ പ്രകാരം സജീഷിനെ ഇവിടെ നിന്ന് പറപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുറത്തിറങ്ങിയ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ലിസ്റ്റില്‍ സജീഷുമുണ്ട്. പാറ, മണ്ണു മാഫിയകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന്റെ പേരിലാണ് സജീഷിനെ മാറ്റിയത്. തൃശൂര്‍ കയ്പമംഗലത്തേക്കാണ് നിയമനം. ഈ ലിസ്റ്റില്‍ ജില്ലയക്ക് പുറത്തേക്ക് മാറ്റപ്പെട്ടത് രണ്ടു പേരെയാണ്. ഇലവുംതിട്ട എസ്എച്ച്ഓ ദീപുവിനെ പാരിപ്പളളിയിലേക്കാണ് മാറ്റിയത്. ഇത് തിരുവനന്തപുരം റേഞ്ചാണ്. എന്നാണ് കോയിപ്രത്ത് നിന്ന് സജീഷിനെ റേഞ്ച് മാറ്റി തൃശൂര്‍ കയ്പമംഗലത്തേക്ക് ഓടിച്ചതിന് പിന്നില്‍ സിപിഎമ്മിലെ നവനേതാവിനുള്ള വിരോധമാണെന്ന് പറയുന്നു.
വെണ്ണിക്കുളത്ത് അഞ്ചു വര്‍ഷമായി കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ തുടരുന്ന അനധികൃത പാറ-മണ്ണ് ഖനനത്തിനെതിരേ കര്‍ശന നടപടി എടുത്തതാണ് നേതാവിന്റെ കണ്ണിലെ കരടാകാന്‍ കാരണമായത്. ഇതിനൊപ്പം സിപിഎം നേതാക്കളുടെ ക്രിമിനല്‍ നടപടികള്‍ക്ക് ചൂട്ടു പിടിക്കാത്തതും വിരോധത്തിന് കാരണമായി. മാസപ്പടി പറ്റുകയോ നേതാക്കളുടെയും മാഫിയയുടെയും ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യാത്തതന് സജീഷിനെ അനഭിമതനാക്കുകയായിരുന്നു.
വെണ്ണിക്കുളത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ മണ്ണ്-പാറ ഖനനം അഞ്ചു വര്‍ഷമായി തുടരുകയാണ്. കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്ന് എടുക്കുന്ന മണ്ണും പാറയും അനധികൃതമായി പുറത്തേക്ക് കടത്തുന്നു. പട്ടാപ്പകല്‍ മണ്ണെടുത്തും പാറ പൊട്ടിച്ചും കൂട്ടിയിടും. പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ് ഇതു അനധികൃതമായി കടത്തുന്നത്. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ മൂന്നു തവണ വണ്ടി പിടികൂടിയിരുന്നു.
വെണ്ണിക്കുളം ജങ്ഷനില്‍ തന്നെയാണ് മറച്ചു കെട്ടി ഖനനം നടക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പാണ് പ്രവാസി വ്യവസായികള്‍ ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം തുടങ്ങിയത്. അതിനായി മണ്ണു നീക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തിരുന്നു. ഇതിന്റെ മറവിലാണ് ശേഷിച്ച കുന്നിടിച്ചും പാറ പൊട്ടിച്ചും കടത്തുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയാണ് അനധികൃത കടത്തിന് പിന്നിലുള്ളത്.
കെട്ടിടത്തിന് പിന്നില്‍ ശരിക്കും പാറമട തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറയും നീക്കുന്ന മണ്ണും കെട്ടിടത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പ്ലോട്ട് ഡവലപ്‌മെന്റ് ആന്‍ഡ് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ് മാത്രമാണ് ഇതിനുള്ളത്.
അതായത് അവിടെ നീക്കുന്ന മണ്ണോ പൊട്ടിക്കുന്ന പാറയോ ഒരു തരി പോലും പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ല. നിര്‍മാണം തുടങ്ങിയ കാലത്ത് കെട്ടിടത്തിനായി പൊട്ടിക്കുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് പാറയും എടുക്കുന്ന മണ്ണും കടത്തിയിരുന്നു. കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണത്തിന് മാത്രമാണ് പാറയും മണ്ണും ആവശ്യം. അതിന്റെ പേരില്‍ ഖനനം കൊണ്ടു പിടിച്ച് നടക്കുന്നു.
രാത്രികാലങ്ങളില്‍ ടിപ്പര്‍, ടോറസ് ലോറികളിലാണ് പാറയും മണ്ണും കടത്തിയിരുന്നത്. പോലീസ്, ജിയോളജി, റവന്യൂ, പഞ്ചായത്ത് അധികൃതര്‍ക്ക് വന്‍ തോതില്‍ പടി കൊടുത്താണ് അനധികൃത കടത്ത്. ജി. ജയദേവ് എസ്.പി ആയിരിക്കുന്ന സമയത്ത് ഒരു ദിവസം ഷാഡോ പോലീസിനെയും കൂട്ടി ഇറങ്ങി പാറയും മണ്ണും കടത്തിയ 15 ലോറികള്‍ പിടിച്ചെടുത്തിരുന്നു. അതിന് ശേഷം കുറേക്കാലത്തേക്ക് നിലച്ചു. പിന്നീട് കോയിപ്രം ഇന്‍സ്‌പെക്ടറായി സജീഷ് കുമാര്‍ ചുമതലയേറ്റതിന് ശേഷം രണ്ടു തവണയായി വാഹനങ്ങള്‍ പിടികൂടി. ഇതോടെ ഉന്നത പോലീസുദ്യോഗസ്ഥന്‍ ഇടപെട്ടു പോലീസിനെ നിയന്ത്രിച്ചുവെന്നാണ് അറിയുന്നത്.
അടുത്ത കാലത്ത് പൊട്ടിച്ച പാറ സമീപവാസികളുടെ വീടിന് മുകളില്‍ വീണു. പരാതി ഉയര്‍ന്നെങ്കിലും അധികാര കേന്ദ്രങ്ങള്‍ ഇടപെട്ടില്ല. വീര്യം കുറഞ്ഞ ശബ്ദം കേള്‍ക്കാത്ത സ്‌ഫോടക വസ്തുക്കളാണ് ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, ഇവിടെ ഒരു ക്വാറിയുടെ സംവിധാനങ്ങളാണ് ഉള്ളത്. നാടു കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടക്കുന്നത്. പകല്‍ പൊട്ടിച്ച് ശേഖരിച്ചിടുന്ന പാറ രാത്രിയില്‍ കടത്തും. ലോറികളില്‍ കൊണ്ടു പോകുന്ന മണ്ണ് റോഡില്‍ വീണ് ഇരുചക്രവാഹനയാത്രികര്‍ വീണു പരുക്കേല്‍ക്കുന്നുണ്ട്.
അനധികൃത പ്രവര്‍ത്തനം പുറമേ നിന്നുള്ളവര്‍ കാണാതിരിക്കാന്‍ ചുറ്റുപാടും കെട്ടി മറച്ച് ഗേറ്റിട്ടിരിക്കുകയാണ്. പരിചയക്കാരെ മാത്രമേ ഉള്ളിലേക്ക് കയറ്റി വിടുകയുള്ളൂ.