കോയിപ്രം: ഒരിക്കല്‍ മര്‍ദിച്ചതിന് പോലീസില്‍ പരാതിപ്പെട്ടതിന്റെ പേരില്‍ യുവാവിനെ രണ്ടാമതും മര്‍ദിച്ച കേസില്‍ രണ്ടു പേര് പിടിയില്‍. തോട്ടപ്പുഴശേരി ചിറയിറമ്പ് തോട്ടമുക്ക് അജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന മോന്‍സി വര്‍ഗീസിന്റെ മകന് അലന് ജോണി(19)നാണ് 16 ന് രാത്രി 11.30 ന് പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.
കീഴുകര കയ്യാലക്കകത്ത് മായക്കണ്ണ് എന്ന് വിളിക്കുന്ന ജെ. ജിഷ്ണു(26), പാലക്കാട് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പാങ്ങല്‍ വീട്ടില്‍ രഞ്ജു ദാസ് (21) എന്നിവരാണ് പിടിയിലായത്. കമ്പിവടി, വെട്ടുകത്തി മുതലായ മാരകയുധങ്ങളുമായാണ് പ്രതികള്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചതും ആക്രമണം നടത്തിയതും. വെട്ടുകത്തി കൊണ്ട് അലന്റെ കഴുത്തില്‍ കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ തടസം പിടിച്ച അമ്മയെ അസഭ്യം വിളിക്കുകയും ചെയ്ത സംഘം ഹാളില്‍ കിടന്ന ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്തു.
ഇസ്തിരിപ്പെട്ടി, മൊബൈല്‍ ഫോണ്‍, ജനല്‍ ഗ്ലാസുകള്‍, കര്‍ട്ടനുകള്‍ എന്നിവയും നശിപ്പിച്ചു. അലന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ്, അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്നും വെട്ടുകത്തി കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച നാല് ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളില്‍ രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കോയിപ്രം എസ് ഐ അനൂപ്, എ എസ് ഐ സുധീഷ്, സി പി ഒ നെബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.