പത്തനംതിട്ട: ജനീഷ് കുമാര്‍ എം.എല്‍.എയെ പരസ്യമായി ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍. താലൂക്ക് ഓഫീസില്‍ നടന്നത് എം.എല്‍.എ നിറഞ്ഞാടിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹില്‍ദാര്‍ എം.സി രാജേഷ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരോപിച്ചു.
കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാര്‍ വിനോദ യാത്ര പോയ വിഷയത്തില്‍ ജനീഷ് കുമാര്‍ എം.എല്‍.എയെ ആക്ഷേപിച്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് പോസ്റ്റിട്ടത്. മുന്‍കൂട്ടി തിരക്കഥയെഴുതിയ നാടകത്തില്‍ എം.എല്‍.എ നിറഞ്ഞാടിയെന്ന് ആക്ഷേപിച്ച രാജേഷ് അറ്റന്റന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതിനേയും വിമര്‍ശിച്ചു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ കസേരയില്‍ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താന്‍ എം.എല്‍.എയ്ക്ക് അധികാരമുണ്ടോയെന്നും പോസ്റ്റില്‍ ചോദിക്കുന്നു. കാലു വയ്യാത്ത ആളെ കാശ് നല്‍കി വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തതെന്നും പോസ്റ്റിലുണ്ട്. രജിസ്റ്റര്‍ പരിശോധിക്കാന്‍ എം.എല്‍.എക്ക് അധികാരമുണ്ടോയെന്ന എ.ഡി.എമ്മിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഡെപ്യൂട്ടി തഹസില്‍ദാരും എം.എല്‍.എക്ക് എതിരെ രംഗത്തുവന്നത്.
അതിനിടെ താലൂക്ക് ഓഫീസില്‍ നിന്ന് വിനോദയാത്ര പോയ ജീവനക്കാരുടെ സംഘം തിരിച്ചെത്തി. മാധ്യമങ്ങള്‍ കാത്ത് നില്‍ക്കുന്നത് മനസിലാക്കി കോന്നി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ രഹസ്യമായിറങ്ങിയ ഇവര്‍ ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലേക്ക് മടങ്ങിയത്. വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മേലുദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാര്‍ വിനോദ യാത്ര പോയതെന്ന എം.എല്‍.എ ജനീഷ് കുമാറിന്റെ ആരോപണം വകയാര്‍ മുരഹര ട്രാവല്‍ ഏജന്‍സി തള്ളി. താലൂക്ക് ഓഫീസ് വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളില്‍ മാറ്റമില്ലെങ്കിലും കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി വിവാദം വലുതാക്കേണ്ടെന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം.