
കോന്നി: ഓണക്കാലം ആഘോഷത്തിമിര്‍പ്പിലാക്കാന്‍ കോന്നി ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ആഘോഷം നടക്കുന്ന കേന്ദ്രമായി ഇവിടം മാറും. കോന്നി കരിയാട്ടത്തിന്റെ വിപുലമായ ഒരുക്കങ്ങളാണ് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കാട് ടൂറിസം സഹകരണ സംഘവും തദ്ദേശ സ്വയംഭരണ, ടൂറിസം വകുപ്പുകളുമാണ് കോന്നി കരിയാട്ടത്തിന്റെ സംഘാടകര്‍.
കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ നടത്തിപ്പിനായി കൂറ്റന്‍ പന്തലാണ് കെ.എസ്.ആര്‍.ടി.സി മൈതാനിയില്‍ ഒരുങ്ങുന്നത്. പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് കലാപരിപാടികള്‍ കാണാന്‍ കഴിയുന്ന എന്റര്‍ടെയിന്‍മെന്റ് ഏരിയ, പ്രദര്‍ശന വിപണനമേള നടുത്തുന്നതിനായി ശീതീകരിച്ചതും, അല്ലാത്തതുമായ 200 സ്റ്റാളുകള്‍, വൈവിധ്യം നിറഞ്ഞ വിഭവങ്ങളുമായി ഭക്ഷണശാല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, വളര്‍ത്തു പക്ഷികളേയും മൃഗങ്ങളേയും പ്രദര്‍ശിപ്പിക്കുന്ന പെറ്റ് ഷോ, ഫാമിലി ഗെയിം ഷോ തുടങ്ങി വലിയ പ്രദര്‍ശന കേന്ദ്രമായി കെ.എസ്.ആര്‍.ടി.സി മൈതാനം മാറുകയാണ്.
ഓണത്തിന് അര മാസം നീണ്ടു നില്‍ക്കുന്ന ഉല്‍സവാഘോഷം കേരളത്തില്‍ കോന്നിയില്‍ മാത്രമാണ് നടക്കുന്നത്. ആദ്യമായി കരിയാട്ടം എന്ന പുത്തന്‍ കലാരൂപം കോന്നി ലോകത്തിന് സംഭാവന ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ഓണക്കാലത്തിനുണ്ട്. ആനയെ മുഖ്യ ആകര്‍ഷക കേന്ദ്രമാക്കിയാണ് കരിയാട്ടം എന്ന കലാരൂപം അവതരിപ്പിക്കപ്പെടുക. മന്ത്രിമാര്‍,പത്മശ്രീ ജേതാക്കള്‍, പ്രശസ്ത ചലച്ചിത്ര നടീനടന്മാര്‍, ഗായകര്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ കരിയാട്ടത്തിന്റെ ഭാഗമായി കോന്നിയിലെത്തും. ശാസ്ത്രീയ നൃത്തങ്ങളും, കഥകളി ഉള്‍പ്പടെയുള്ള കലാരൂപങ്ങളും, പ്രശസ്തമായ സംഗീത ബാന്റുകളും കോന്നിയുടെ പതിനഞ്ച് ദിനരാത്രങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കും.
14നാണ് കരിയാട്ടം കൊടിയേറുന്നത്. 20 മുതല്‍ മൂന്നു വരെയാണ് ടൂറിസം എക്‌സ്‌പോ നടക്കുക. ഹെലികോപ്റ്റര്‍ റൈഡ്, കുട്ട വഞ്ചി തുഴച്ചില്‍ മത്സരം, തിരുവാതിര അത്തപ്പൂക്കള ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവയും കോന്നി കരിയാട്ടത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.