കനത്ത മഴയിലും നിരത്തില്‍ കരികള്‍ നിരന്നു: പുലിക്കളി മോഡലില്‍ കോന്നിയുടെ സ്വന്തം കരിയാട്ടം: അണിനിരന്നത് അഞ്ഞൂറിലധികം ഗജവേഷധാരികള്‍

0 second read
Comments Off on കനത്ത മഴയിലും നിരത്തില്‍ കരികള്‍ നിരന്നു: പുലിക്കളി മോഡലില്‍ കോന്നിയുടെ സ്വന്തം കരിയാട്ടം: അണിനിരന്നത് അഞ്ഞൂറിലധികം ഗജവേഷധാരികള്‍
0

കോന്നി : ആര്‍ത്തിരമ്പി പെയ്ത മഴയെ വകഞ്ഞ് മാറ്റി കൊമ്പ് കുലുക്കി കുസൃതികള്‍ കാട്ടി കോന്നിയുടെ ഗ്രാമവീഥികള്‍ കൈയടക്കിയ കരിവീരന്‍മാരുടെയും നൂറുകണക്കിന് ആന വേഷധാരികളുടെയും അകമ്പടിയോടെ നടന്ന പടുകൂറ്റന്‍ ഘോഷയാത്രയോടെ ചരിത്രത്തിലെ ആദ്യ കരിയാട്ടം അരങ്ങേറി. കോന്നി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പുതിയ കലാരൂപമാണ് കരിയാട്ടം. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രക്ക് ശേഷം പ്രത്യേക താളത്തില്‍ ചിട്ടപ്പെടുത്തിയ ചുവടുകള്‍ക്കൊപ്പമാണ് കരിയാട്ടം അരങ്ങേറിയത്. 11 ഗജവീരന്‍മാരും നൂറുകണക്കിന് കരിവീര വേഷധാരികളും പങ്കെടുത്തു.

കോന്നിയുടെ സാംസ്‌കാരിക പൈതൃകം ലോകത്തോട് വിളിച്ചോതുന്ന കരിയാട്ടം പൊതുജനപങ്കാളിത്തതാലും ചരിത്രത്തില്‍ ഇടം നേടി. തൃശൂര്‍ പുലികളിക്ക് സമാനമായി ചരിത്രത്തില്‍ ആദ്യമായി ആനയെ കേന്ദ്ര കഥാപാത്രമാക്കി കോന്നിയില്‍ നിന്നും ഉദയം കൊണ്ട പുതിയ കലാരൂപമാണ് കരിയാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോന്നിയൂരിന്റെ ചരിത്രവും പൈതൃകവുമാണ് കരിയാട്ടത്തിലൂടെ പുനര്‍ജനിച്ചത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ മുഖ്യസംഘാടകനായാണ് കരിയാട്ടം സംഘടിപ്പിച്ചത്.

വൈകിട്ട് നാലിന് മാമ്മൂട് ജങ്ഷനില്‍ നിന്നും ഗജ വീരന്‍മാരും നൂറുകണക്കിന് കരിവീര വേഷധാരികള്‍ അണിനിരന്ന മത്സര ഘോഷയാത്ര ആരംഭിച്ചു. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മത്സര ഘോഷയാത്ര ജങ്ഷനില്‍ വിവിധ പഞ്ചായത്തുകളുടെ സാംസ്‌കാരിക ഘോഷയാത്രകളുമായി സംഗമിച്ച് സംയുക്തമായി കെ.എസ്.ആര്‍.ടി.സി മൈതാനിയില്‍ സമാപിച്ചു.

സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു .ചലച്ചിത്ര തരങ്ങളായ ഭാമ, അല്‍ സാബിത്, നിയ ശങ്കരത്തില്‍, മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എം. ബി. ശ്രീകുമാര്‍, സി. രാധാകൃഷ്ണന്‍, രാജേഷ് ആക്ലേത്ത്, എന്‍. ശശിധരന്‍ നായര്‍, രാജഗോപാല്‍ നായര്‍, എന്‍. നവനിത്ത്, ഷാജി. കെ. സാമുവല്‍, പി. ആര്‍. പ്രേമോദ്, ശ്യവം ലാല്‍, ബിനോജ്.എസ്. നായര്‍, എന്‍. എസ്. മുരളി മോഹന്‍, ജി. ബിനു കുമാര്‍, ജോജോ മോഡി, എ. ദീപകുമാര്‍, സംഗേഷ്. ജി. നായര്‍, സി. സുമേഷ്, എം. അനീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കരിയാട്ടത്തോടെ 15 ദിനരാത്രങ്ങള്‍ മലയോര നാടിനെ ഉത്സവ ലഹരിയില്‍ ആറാടിച്ച ടൂറിസം എക്‌സ്‌പോയ്ക്കും കൊടിയിറങ്ങി.ആടിത്തിമിര്‍ത്ത് ആര്‍ത്തുല്ലസിക്കാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി കോന്നിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് ബഹുജന പങ്കാളിത്തത്താല്‍ കേരളത്തിലെ ഏറ്റവും വലിയ മേളയായി കരിയാട്ടം മാറി. അതിപ്രശ്തരായ കലാകാരന്‍മാരെ പങ്കെടുപ്പിച്ചാണ് കലാസന്ധ്യകള്‍ നടത്തിയത്. റിമി ടോമി, ജാസിഗിഫ്റ്റ്, രൂപാ രേവതി, ദേവി ചന്ദന, അന്‍വര്‍സാദത്ത്, കെ.എസ്. പ്രസാദ് ,കലാഭവന്‍ പ്രജോദ്, ,ആശാ ശരത്ത്, പിന്നണി ഗായിക സിത്താര , പിന്നണി ഗായകന്‍ അതുല്‍ നറുകര, ചലച്ചിത്രതാരം ഉല്ലാസ് പന്തളം തുടങ്ങിയവര്‍ സായന്തനങ്ങളെ ഇളക്കിമറിച്ചു. പ്രദര്‍ശന വിപണന മേളയിലും ഇടമുറിയാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്.

നഗരം കീഴടക്കി ഗജവീരന്മാരുടെ കരിയാട്ടം കാണി കളില്‍ കൗതുകവുംആവേശവും ഉണര്‍ത്തി. സംസ്ഥാനത്തു തന്നെ ആദ്യമായി നടന്ന കരിയാട്ടം പുത്തന്‍ അനുഭവമായി. പ്രതികൂല കാലാവസ്ഥയിലും കോന്നിയിലെ കരിയാട്ടം കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് കോന്നിയിലേക്കുള്ള വഴികളും ജനങ്ങളെ കൊണ്ട് നിറഞ്ഞു. തുടക്കത്തിലെ ചാറ്റമഴ കനത്ത മഴയിലേക്ക് മാറിയപ്പോഴും കരിയാട്ടം വരവേല്‍ക്കാന്‍ എത്തിയവര്‍ പിരിഞ്ഞു പോയില്ല.
ഗജവീരന്മാരുടെ കരിയാട്ടം കാണികളെ ആവേശത്തേരിലേറ്റി.

കോന്നി കരിയാട്ടം എക്‌സ്‌പോ യുടെ സമാപനം കുറിച്ച് നടന്ന കരിയാട്ടം കോന്നിയുടെ ചരിത്രത്തില്‍ ഇടം നേടി. കോരിച്ചൊരിയുന്ന മഴയത്തും കാണികള്‍ക്ക് ആവേശം വിതറി ഗജവീരന്മാരും ഗജവേഷധാരികളും നഗരത്തെ ആനകളുടെ സംഗമ വേദിയാക്കി മാറ്റി.
ഇന്നലെ ഉച്ച മുതല്‍ തന്നെ സംസ്ഥാന പാതയിലെ ചന്ത മൈതാനി മുതല്‍ മമ്മൂട് വരെയുള്ള ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ കരിയാട്ടം കാണാന്‍ തടിച്ചു കൂടിയിരുന്നു. മഴ ശക്തമായി തുടരുമ്പോഴും നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു കൊണ്ടിരുന്നു. തൃശൂര്‍ പുലികളിയുടെ മാതൃകയില്‍ ഗജമുഖവും, വേഷവും ധരിച്ച 250 കരിവീരന്മാരുടെ കരിയാട്ടം കാണികളില്‍ ഏറെ കൗതുകവും ആവേശവും ഉണര്‍ത്തി. തലയെടുപ്പുള്ള 11 ഗജവീരന്മാരുടെ പിന്നില്‍ അണിനിരന്ന കരിവീരന്മാര്‍ താളാത്മകമായ ചുവടുകളോടെയും താളമേളങ്ങളുടെയും അകമ്പടിയോടെ മാമ്മൂട്ടില്‍ നിന്നും ആരംഭിച്ച് കോന്നി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നത്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ കലാരൂപങ്ങളും സാംസ്‌കാരിക ഘോഷയാത്രകളും കരിയാട്ടത്തെ അനുഗമിച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…