പത്തനംതിട്ട: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇക്കുറി ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് 88 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റി. ഇതോടെ മറ്റു മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. പ്രതിഷേധവുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തു വന്നു.
ശബരിമലയുടെ ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രമായി കണക്കാക്കപ്പെടുന്നത് പത്തനംതിട്ട ജനറല്‍ ആശുപത്രിയാണ്. സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി നിലവിലുള്ളവ പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പകരം ശബരിമല വാര്‍ഡ് കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായിരുന്നു നീക്കം. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് കണ്ട് ശബരിമല വാര്‍ഡ് ജനറല്‍ ആശുപത്രിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരുന്നു. ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയോടു പോലും ആലോചിക്കാതെയാണ് ഇപ്പോള്‍ ശബരിമല വാര്‍ഡ് കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുന്നത്.
ശബരിമല വാര്‍ഡിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ ജനറല്‍ ആശുപത്രിയില്‍ രാവിലെ 9.30 ന് നടക്കുമെന്ന് ഡിഎംഓ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍, അതിന പിന്നാലെ തീരുമാനം മാറ്റിക്കൊണ്ടുളള് അറിയിപ്പ് വന്നു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഡിഎംഓയും ഡിപിഎമ്മും പങ്കെടുത്ത യോഗത്തില്‍ കോന്നി മെഡിക്കല്‍ കോളജ് ശബരിമല ബേസ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചുവെന്നും ശബരിമല വാര്‍ഡ് അവിടെ ക്രമീകരിച്ചതിനാല്‍ ജനറല്‍ ആശുപപത്രിയില്‍ ശബരിമല വാര്‍ഡ് വേണ്ടെന്ന് തീരുമാനിച്ചുവെന്നുമാണ് അറിയിപ്പ്.
തിരുവനന്തപുരം മുതല്‍ മഞ്ചേരി വരെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 88 ഡോക്ടര്‍മാര്‍ക്ക് ആണ് സ്ഥലംമാറ്റം. എല്ലാ പ്രധാനപ്പെട്ട സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി വകുപ്പുകളില്‍ നിന്നും ഡോക്ടര്‍മാരെ മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് പകരം നിയമനവുമില്ല. ഇതോടെ മിക്ക ആശുപത്രികളിലും രോഗീപരിചരണവും ശസ്ത്രക്രിയ അടക്കമുള്ളവയും താളം തെറ്റും. മെഡിക്കല്‍ കോളേജുകളിലെ അധ്യാപനവും താറുമാറാകും. നിലവില്‍ തന്നെ ഡോക്ടര്‍മാരുടെ വലിയ തോതിലുള്ള കുറവ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലുണ്ട്. എന്‍ട്രികേഡര്‍ നിയമനം പോലും നടക്കാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളവരെ ഒറ്റയടിക്ക് ഒരു സ്ഥലത്തേക്ക് മാത്രം സ്ഥലം മാറ്റിയത്.
ജനുവരി 20 വരെയാണ് കോന്നിയിലേക്കുള്ള താല്‍ക്കാലിക സ്ഥലംമാറ്റം. സര്‍ക്കാര്‍ നടപടിക്കെതിരെ കെജിഎംസിടിഎ രംഗത്തെത്തിയിട്ടുണ്ട്.
കോന്നി മെഡിക്കല്‍ കോളജില്‍ ക്ലാസ് തുടങ്ങിയെങ്കിലും ചികില്‍സാ സൗകര്യം പൂര്‍ണ തോതില്‍ ആയിട്ടില്ല. മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ള വീണ് പരുക്കേറ്റ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോയിരുന്നത്. ശബരിമലയിലും പമ്പയിലും നിന്നുള്ള തീര്‍ഥാടകരെ ഏറ്റവും വേഗം എത്തിക്കാവുന്നത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കായിരുന്നു.