
കോന്നി: താലൂക്ക് ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ ഒന്നടങ്കം ടൂര്‍ പോയ സംഭവം വിവാദമാക്കാന്‍ ജനീഷ്‌കുമാര്‍ എംഎല്‍എ നാടകം കളിച്ചുവെന്ന ആരോപണവുമായി സിപിഐ മണ്ഡലം കമ്മറ്റി. ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ചാനലുകളെയും കൂട്ടി ജനീഷ് സെറ്റിട്ട് നടപ്പാക്കിയതാണ് നാടകമെന്നും ആരോപണം. 19 ജീവനക്കാരാണ് ആകെ അവധിയെടുത്ത് ടൂര്‍ പോയത്. ഇവരുടെ കുടുംബാംഗങ്ങള്‍ അടക്കം 40 പേര്‍ ഒറ്റ ബസിലാണ് പോയിരിക്കുന്നത്. അതില്‍ എന്‍ജിഓ യൂണിയന്റെയും അസോസിയേഷന്റെയും ജില്ലാ നേതാക്കള്‍ അടക്കം ഉണ്ടായിരുന്നു. എല്ലാവരും നിയമാനുസരണം അവധിയെടുത്താണ് പോയത്.
പ്രതിപക്ഷ എം.എല്‍.എയെപ്പോലുളള ജനീഷ് കുമാറിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് സി. പി. ഐ മണ്ഡലം കമ്മറ്റി അറിയിച്ചു. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ എം.എല്‍.എയുടെ നടപടി പക്വത ഇല്ലാത്തതാണ്. കൃത്യമായി ആസൂത്രണം ചെയ്ത നാടകം പോലെയുള്ള കാര്യങ്ങള്‍ ആണ് ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ നടന്നത്. ഭരണ കക്ഷി എം.എല്‍.എയായ അഡ്വ കെ.യു. ജനീഷ് കുമാര്‍ പ്രതിപക്ഷ എം എല്‍ എ യെ പോലെയാണ് പെരുമാറിയത്. തഹല്‍സിദാര്‍ രേഖാമൂലം രണ്ട് ദിവസത്തെ അവധി എടുത്തത്തിന് ശേഷം അഡീഷണല്‍ തഹല്‍സീദാര്‍ക്ക് ആയിരുന്നു ചുമതല നല്‍കിയിരുന്നത്. 19 ജീവനക്കാരും പല തവണയായി രേഖാമൂലം അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതില്‍ അസ്വാഭാവികത ഉണ്ടെന്ന് കാണുന്നില്ല. വില്ലേജ് ഓഫീസുകളും മറ്റും വര്‍ഷാവസാന പരിശോധനകള്‍ നടക്കുന്നതിനാലും പകുതിയിലധികം ആളുകള്‍ ഫീല്‍ഡ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ച് വന്നതിനാലും ഉദ്യോഗസ്ഥര്‍ ഈ ജോലിയുമായി പോയിരുന്നു.കൂടാതെ ഡെപ്യൂട്ടി തഹല്‍സീദാര്‍ക്ക് ചുമതല നല്‍കിയതിനാല്‍ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതുമില്ല. മാത്രമല്ല താലൂക്ക് ഓഫീസ് രജിസ്റ്റര്‍ പരിശോധിക്കാന്‍ ജനപ്രതിനിധിക്ക് അനുവാദമില്ല. താലൂക്കിലെ രജിസ്റ്റര്‍ പരിശോധിച്ച നടപടിയും അപക്വമാണ്. മന്ത്രി കെ രാജന്‍ വളരെ ജാഗരൂകമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.റവന്യു വകുപ്പില്‍ കുഴപ്പങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. സി.പി.ഐയെയും റവന്യു വകുപ്പിനെയും കരിവാരി തേക്കാന്‍ എം എല്‍ എയും കൂട്ടരും നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും മണ്ഡലം സെക്രട്ടറി കെ. രാജേഷ് പറഞ്ഞു.