കൊല്ലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് അഭ്യൂഹം. ഇതോലെ നിലവിലെ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് മാതൃസംഘടനയായ ആര്‍എസ്പിയിലേക്ക് മടങ്ങാന്‍ മോഹം. പ്രേമചന്ദ്രനും അസീസും താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഷിബു ബേബി ജോണ്‍ എതിര്‍പ്പുമായി രംഗത്തുണ്ടെന്ന് വിവരം. കുഞ്ഞുമോന്‍ ആര്‍എസ്പി ദേശീയ നേതൃത്വത്തെ സമീപിച്ചേക്കുമെന്നാണ് സൂചന.
ആര്‍എസ്പിയിലേക്ക് മടങ്ങാന്‍ കോവൂര്‍ കുഞ്ഞുമോന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും എന്നാല്‍, സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണ്‍ എതിര്‍ത്തുവെന്നുമാണ് ഒരു പറ്റം നേതാക്കള്‍ പറയുന്നത്. കുഞ്ഞുമോനെ വേണ്ടെന്ന കടുത്ത നിലപാടിലാണ് ഷിബു. പ്രതിസന്ധി ഘട്ടത്തില്‍ കാര്യസാധ്യത്തിനായി ഇടതു മുന്നണിക്കൊപ്പം പോവുകയും പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ അപമാനിക്കുകയും ചെയ്ത കുഞ്ഞുമോനെ ഒരു കാരണവശാലും വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി. അതേ സമയം എ.എ അസീസ്, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ആശിര്‍വാദത്തോടെ കുഞ്ഞുമോന്‍ ദേശീയ നേതൃത്വത്തെ സമീപിച്ചതായും അറിയുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ സിപിഎം ഏറ്റെടുത്ത് മുന്‍ എംപി സോമപ്രസാദിനെ മത്സരിപ്പിക്കുമെന്ന് ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് യുഡിഎഫിലേക്ക് നീങ്ങാന്‍ കുഞ്ഞുമോന്റെ ശ്രമിക്കുന്നത് എന്നാണ് പറയുന്നത്. ആര്‍.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫില്‍ ചേക്കേറിയപ്പോള്‍ പാര്‍ട്ടി പിളര്‍ത്തി അണികളെ മുന്നണിക്കൊപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോവൂര്‍ കുഞ്ഞുമോനെ ഉപയോഗിച്ച് സിപിഎം ആര്‍.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ചത്. രൂപികരിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആര്‍.എസ്.പി ലെനിനിസ്റ്റ് പിളര്‍ന്നു. സി.പി.എം. പ്രതീക്ഷിച്ചതുപോലെ ആര്‍.എസ്.പിയില്‍ വിള്ളലുണ്ടാക്കാനും കുഞ്ഞുമോനായില്ല.അതുകൊണ്ട് തന്നെ മുന്നണിയിലും കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിപദം ആവശ്യപ്പെട്ട് ഇടത് മുന്നണിക്ക് കത്ത് നല്‍കിയെങ്കിലും മുഖവിലയ്ക്ക് എടുത്തില്ല. മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും നേരിട്ട് കണ്ടും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രക്ഷയുണ്ടായില്ല. മാത്രമല്ല ആര്‍.എസ്.പി ലെനിനിസ്റ്റിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇടതുമുന്നണി അംഗീകരിക്കാത്തതും കുഞ്ഞുമോനെ പ്രതിസന്ധിയിലാക്കി.