അക്കരയിക്കരെ തൊടാതെ കോഴഞ്ചേരിയിലെ പുതിയ പാലം: വാഗ്ദാനം മാത്രം ചെയ്ത് നാട്ടാരെ പറ്റിച്ച് ആരോഗ്യമന്ത്രിയും

0 second read
Comments Off on അക്കരയിക്കരെ തൊടാതെ കോഴഞ്ചേരിയിലെ പുതിയ പാലം: വാഗ്ദാനം മാത്രം ചെയ്ത് നാട്ടാരെ പറ്റിച്ച് ആരോഗ്യമന്ത്രിയും
0

പത്തനംതിട്ട: ആരോഗ്യമന്ത്രി കൂടിയായ ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന് അങ്ങനെ ഒരു പതിവുണ്ട്. എല്ലാം തുടങ്ങി വയ്ക്കും. പക്ഷേ, ഒന്നും അങ്ങോട്ട് തീരില്ല. ആറന്മുള മണ്ഡലത്തില്‍ ഉദാഹരണങ്ങള്‍ ഒരു പാടുണ്ട് ചൂണ്ടിക്കാട്ടാന്‍. അബാന്‍ മേല്‍പ്പാലം, വിവിധ റോഡുകള്‍. ഏറ്റവും പ്രധാനമായുള്ളത് കോഴഞ്ചേരിയില്‍ പമ്പയ്ക്ക് കുറുകേയുള്ള മേല്‍പ്പാലമാണ്.

മാനത്ത് മഴക്കാര്‍ കാണുമ്പോഴും മാരാമണ്‍ കണ്‍വന്‍ഷന്‍ എത്തുമ്പോഴും മാത്രമാണ് ുതിയ പാലത്തിന്റെ നിര്‍മ്മാണത്തിന് ജീവന്‍ വയ്ക്കുന്നത്. ആറ് വര്‍ഷമായി ഒരേ അവസ്ഥയാണ് പാലത്തിന്. അങ്ങുമിങ്ങും കൂട്ടിമുട്ടിയിട്ടില്ല. കാലവര്‍ഷം തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ നദിയിലേക്ക് ഇറക്കിയ ജെസിബിയും ഏതാനും നിര്‍മ്മാണ സാമഗ്രികളും അതെ പോലെ കരയിലേക്ക് കയറ്റി. അതിപ്പോള്‍ കാണാനേയില്ലെന്ന് നാട്ടുകാര്‍. പാലം നിര്‍മ്മാണ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും ഇനിയുള്ള പണികള്‍ ഉടന്‍ നടക്കുമെന്നും മഴയ്ക്ക് തൊട്ട് മുന്‍പായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് വന്നിരുന്നു. മന്ത്രിയും ഇക്കാര്യം ശരി വച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വന്ന ജോലിക്കാരും സ്ഥലം വിട്ടു. ഇനി മഴ കഴിഞ്ഞ് വെള്ളം താഴ്ന്ന് വരുമ്പോഴേയ്ക്കും മാസങ്ങള്‍ കഴിയും. അപ്പോള്‍ കണ്‍വന്‍ഷന്‍ അടുക്കും. പതിവ് തെറ്റിക്കാതെ വണ്ടികള്‍ നദിയില്‍ ഇറങ്ങുമായിരിക്കും.

സമീപന പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആണ് കോഴഞ്ചേരി സമാന്തര പാലത്തിന്റെ പണികള്‍ വൈകാന്‍ കാരണമായതെന്നും വിശദീകരണമുണ്ട്.. കാലവര്‍ഷം തുടരുന്നതിനാല്‍ പുഴയിലെ ജോലികള്‍ ഇനി ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ലെന്നും ഇതിന് ശേഷം ആരംഭിക്കുമെന്നും പറയുന്നു. നദിയിലെ തൂണിന്റെ മുകളില്‍ സ്ഥാപിക്കാനുള്ള എന്‍ബ്രൈഡറിന്റെ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എത്തിച്ചെങ്കിലും നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതു കാരണം തുടങ്ങാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനം മാരാമണ്‍ കണ്‍വന്‍ഷനു ശേഷമാണ് മുടങ്ങിക്കിടന്ന പണികള്‍ പുനരാരംഭിച്ചത്. അപ്പോള്‍ നദിയില്‍ നാലു തൂണുകളും രണ്ടു എന്‍ബ്രൈഡറുകളും മാത്രമാണ് പൂര്‍ത്തിയായിരുന്നത്. മാരാമണ്‍ ഭാഗത്തെ സ്ഥലം ഏറ്റെടുത്തു സമീപന പാതയുടെ പണികള്‍ ഇടക്ക് തുടങ്ങിയെങ്കിലും ഒന്നുമായില്ല. സമാന്തര പാലത്തിന് മാരാമണ്‍ ഭാഗത്ത് ഒന്നും കോഴഞ്ചേരി ഭാഗത്ത് രണ്ടും മൂന്ന് ലാന്‍ഡ് സ്പാനുകളാണ് വേണ്ടത്. . ഇതില്‍ മാരാമണ്‍ ഭാഗത്തെ സ്പാനിന്റെ കോണ്‍ക്രീറ്റിങിന് മുന്‍പേയുള്ള പാര്‍ശ്വ ഭിത്തികളുടെ നിര്‍മാണവും നടന്നുവരികയാണ്. കോഴഞ്ചേരി ഭാഗത്തെ സമാന്തര പാതയ്ക്കു സ്ഥലം
ലഭ്യമാക്കി കലക്ടര്‍ ഉത്തരവിട്ടെങ്കിലും നടപടികള്‍ തുടങ്ങിയിട്ടില്ല. പോസ്റ്റ് ഓഫിസ് നില്‍ക്കുന്ന സ്ഥലത്ത് മാര്‍ക്കിങ് നടത്തിയതാണ് ഇവിടെയുള്ള
പുരോഗതി. എന്നാല്‍ റോഡ് രൂപകല്‍പ്പന ആയിട്ടില്ല. രണ്ടു ലാന്‍ഡ് സ്പാനുകളും ഇവിടെ നിര്‍മിക്കാനുണ്ട്. പാലം കോഴഞ്ചേരി കരയിലേക്ക് കയറിയിട്ടില്ല. ഇനി മഴ കഴിഞ്ഞു വരുമ്പോള്‍ നടക്കും എന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്ക്
വയ്ക്കുന്നത്. പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയില്‍ കോഴഞ്ചേരിയിലെ തിരക്ക് കുറക്കാനായാണ് കോഴഞ്ചേരിയില്‍ സമാന്തര പാലം നിര്‍മ്മാണം ആരംഭിച്ചത്. ഇതിന്റെ ആവശ്യത്തിനായി സ്ഥലം കണ്ടെത്താന്‍ കോഴഞ്ചേരി ചന്തയിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. ഇതോടെ ഇവിടെ കടകളും ചന്തയും മാറ്റി. പുതിയ ഇടം ലഭിച്ചതുമില്ല, പഞ്ചായത്തിന് ലഭിച്ചിരുന്ന കോടികളുടെ വരുമാനംനിലയ്ക്കുകയും ചെയ്തു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…