
പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയിലെ നേതാക്കളുടെ പരസ്പരമുള്ള വിഴുപ്പലക്കല്‍ വിലക്കി കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരന്‍. തമ്മിലടി തെരുവിലേക്ക് നീണ്ട സാഹചര്യത്തിലാണ് അധ്യക്ഷന്റെ ഇടപെടല്‍. കോണ്‍ഗ്രസ് പുനഃസംഘടനാ കമ്മറ്റി യോഗത്തിനിടെ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ഡിസിസി പ്രസിഡന്റിന്റെ ഓഫീസ് മുറി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷം ജില്ല മുഴുവന്‍ വ്യാപിക്കുകയായിരുന്നു. കതക് തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബാബു ജോര്‍ജിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ കുര്യനെതിരേ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ബാബു ജോര്‍ജ് തിരിച്ചടിച്ചു. മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ കുര്യന്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ അവിടെ കൂട്ടത്തല്ല് നടന്നു. അടി കിട്ടാതെ പി.ജെ. കുര്യനെ പോലീസാണ് രക്ഷിച്ചത്.കൊണ്ടും കൊടുത്തും നേതാക്കള്‍ മുന്നേറുമ്പോഴാണ് റഫറിയുടെ റോളില്‍ കെ.പി.സി.സി പ്രപസിഡന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ
പ്രസ്താവനകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ കെപിസിസി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലുമത് ഗുരുതര അച്ചടക്ക ലംഘനമായി കാണും. ഈ പ്രവണതകളെ കെപിസിസി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല.കെപിസിസിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സുധാകരന്‍ പറഞ്ഞു.
അതിനിടെ ഇന്നലെ േചര്‍ന്ന ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗം സസ്‌പെന്‍ഷനിലായ മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസിയില്‍ യോഗത്തിനിടെ മര്‍ദനമേറ്റ ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്‍. സോജി എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബാബു ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും വി.ആര്‍. സോജിക്കെതിരേ വ്യാജ പരാതി നല്‍കിയ മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണിനെതിരേ നടപടിയെടുക്കണമെന്നും യോഗം പ്രമേയം പാസാക്കി. പ്രമേയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ബ്ലോക്ക് പ്രസിഡന്റ് കെ.എന്‍. രാധാചന്ദ്രന്‍ എന്നിവരെ ചുമതലപ്പെടുത്തി. ഷാം കുരുവിള, ജി. രഘുനാഥ് എന്നീ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ പ്രമേയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. കെ.എന്‍. രാധാചന്ദ്രന്‍, കെ. ശിവദാസന്‍ നായര്‍, വിനീത അനില്‍, എന്‍.സി. മനോജ്, ഓതറ സത്യന്‍, അജി കരിംകുറ്റിക്കല്‍, ജേക്കബ് ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.