ആദ്യം യുഡിഎഫിനൊപ്പം: എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വന്നപ്പോള്‍ രാജി വച്ചു: എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വീണ്ടും റാന്നി പഞ്ചായത്ത് പ്രസിഡന്റായി കെ.ആര്‍. പ്രകാശ്: സിപിഐക്ക് എതിര്‍പ്പ്‌

4 second read
Comments Off on ആദ്യം യുഡിഎഫിനൊപ്പം: എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വന്നപ്പോള്‍ രാജി വച്ചു: എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വീണ്ടും റാന്നി പഞ്ചായത്ത് പ്രസിഡന്റായി കെ.ആര്‍. പ്രകാശ്: സിപിഐക്ക് എതിര്‍പ്പ്‌
0

റാന്നി: പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല എന്ന കെ.ആര്‍. പ്രകാശ് അപൂര്‍ഭ ഭാഗ്യത്തിന് ഉടമയാണ്. ആദ്യം പ്രസിഡന്റാകാന്‍ നോക്കിയപ്പോള്‍ ബിജെപിയും എല്‍ഡിഎഫും  ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് (എം) അംഗത്തെ പ്രസിഡന്റാക്കി. വിവാദമുയര്‍ന്ന് അവര്‍ രാജി വച്ചപ്പോള്‍ യുഡിഎഫ്-ബിജെപി പിന്തുണയില്‍ സ്വതന്ത്രാംഗമായ പ്രകാശ് പ്രസിഡന്റായി. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം അംഗം വിജയിച്ചതോടെ രാജി വച്ചു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രകാശ് വീണ്ടും പ്രസിഡന്റായി. ഇത്തവണ പിന്തുണ എല്‍ഡിഎഫ് വക. പക്ഷേ, സിപിഐ ഇടയുന്നു. കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിനൊപ്പം പ്രസിഡന്റായ പ്രകാശിനെ എല്‍ഡിഎഫ് വീണ്ടും പ്രസിഡന്റാക്കിയത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് സിപിഐ നേതാക്കള്‍ തുറന്നടിച്ചു.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍ക്കൂം ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു. 13 അംഗ പഞ്ചായത്തില്‍ സിപിഎം നാല്, കേരളാ കോണ്‍ഗ്രസ് (എം) ഒന്ന്, ബിജെപി-രണ്ട്, കോണ്‍ഗ്രസ്-4 , കേരളാ കോണ്‍ഗ്രസ്-ഒന്ന്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ച കെ.ആര്‍. പ്രകാശിനെ പ്രസിഡന്റാക്കാന്‍ യുഡിഎഫ് പിന്തുണ നല്‍കി. എന്നാല്‍, എല്‍ഡിഎഫിന്റെ അപ്രതീക്ഷിത നീക്കത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗം ശോഭാ ചാര്‍ളിയാണ് പ്രസിഡന്റായത്. എല്‍ഡിഎഫിന് പുറമേ ബിജെപിക്കുണ്ടായിരുന്ന രണ്ട് അംഗങ്ങളും കൂടി ചേര്‍ന്നാണ് ശോഭയെ പ്രസിഡന്റാക്കിയത്. പിന്നീട് ഇത് വിവാദമായതോടെ ശോഭ രാജി വച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും യുഡിഎഫിന്റെയും പിന്തുണയോടെ കെ.ആര്‍. പ്രകാശ് പ്രസിഡന്റായി. ഇതിനിടെ യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് അംഗം സച്ചിന്‍ വയല എല്‍ഡിഎഫിലേക്ക് മാറി. വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി അംഗം വിനോദിനെതിരേ നേതൃത്വം നടപടിയെടുത്തതോടെ ഇദ്ദേഹം രാജി വച്ചു. പുതുശേരിമല വാര്‍ഡില്‍ വിനോദിന്റെ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചു. ഇതോടെ നിലവിലുള്ള പ്രസിഡന്റ് പ്രകാശിനെതിരേ അവിശ്വാസത്തിന്  നോട്ടീസ് വന്നു. അവിശ്വാസം വിജയിക്കുമെന്ന് കണ്ടതോടെ പ്രകാശ് രാജി വച്ചു. വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നലെ നടക്കുമ്പോള്‍ അവിശ്വാസം കൊണ്ടു വന്ന എല്‍ഡിഎഫിന്റെ പിന്തുണയില്‍ പ്രകാശ് വീണ്ടും പ്രസിഡന്റാകുന്നതാണ് കണ്ടത്.
സ്വന്തം അടക്കം ഒമ്പതു വോട്ട് പ്രകാശിന് കിട്ടി. സിപിഎമ്മിലെ ഗീതാ സുരേഷ് പ്രകാശിന്റെ പേര് നിര്‍ദേശിച്ചു. സന്ധ്യാദേവി പിന്താങ്ങി. കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ച മിനി തോമസിന് നാലു വോട്ടു കിട്ടി. വൈസ്  പ്രസിഡന്റായ കോണ്‍ഗ്രസിലെ സിന്ധു സഞ്ജയനെതിരേ സിപിഎം നല്‍കിയ അവിശ്വാസം  ഇന്നലെ ഉച്ച കഴിഞ്ഞ് ചര്‍ച്ച ചെയ്യാനിരുന്നതാണ്. എന്നാല്‍, സിന്ധു രാജി വച്ചതു കാരണം അതു വേണ്ടി വന്നില്ല. യുഡിഎഫില്‍ നിന്ന് വിട്ടു പോയ സച്ചിന്‍ വയലയും ബിജെപി പുറത്താക്കിയ അംഗം മന്ദിരം രവീന്ദ്രനും  പ്രകാശിന്  വോട്ടു ചെയ്തു.

എതിര്‍പ്പുമായി സിപിഐ

കോണ്‍ഗ്രസ് ബി.ജെ.പി സഖ്യത്തിന്റെ പ്രസിഡന്റായി മത്സരിക്കുകയും ഭരണം നടത്തുകയും ചെയ്തയാളെ  മുന്നണിയില്‍ ആലോചിക്കാതെ  പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയില്‍ എതിര്‍പ്പുമായി സിപി.ഐ റാന്നി ലോക്കല്‍ കമ്മറ്റി. രംഗത്തു വന്നു. റാന്നി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ കെ.ആര്‍ പ്രകാശിനെ പ്രസിഡന്റാക്കിയ നടപടിയിലാണ് സി.പി.ഐ അഭിപ്രായവ്യത്യാസം തുറന്നടിച്ചത്. ഇടതുമുന്നണിയുടെ പഞ്ചായത്ത് കമ്മറ്റി ചേരാതെ ഇത്തരം തീരുമാനം സി.പി.എം എടുത്തത് മര്യാദ അല്ലെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. ആദ്യ തവണ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിച്ച പ്രകാശ് അന്ന് പരാജയപെട്ടിരുന്നു. പിന്നാലെ ഇദേഹം സംഘപരിവാറിനൊപ്പം ചേര്‍ന്നതായി സമൂഹ മാധ്യമങ്ങളില്‍ ചിത്രം വന്നു. ബി.ജെ.പി പിന്തുണയുടെ പേരില്‍ ആദ്യം വിജയിച്ച ശോഭാചാര്‍ളി പ്രസിഡന്റു സ്ഥാനം രാജി വച്ച ശേഷം കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയില്‍ പ്രകാശാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയച്ചതോടെ ഒറ്റയ്ക്ക് പഞ്ചായത്ത് ഭരിക്കാനുള്ള ഭൂരിപക്ഷം ആയിരുന്നു. തുടര്‍ന്ന് അവിശ്വാസം വരുന്നതിനു മുമ്പ് രാജി വെച്ച പ്രകാശ് അപ്രതീക്ഷിതമായാണ് ഇടതു സ്ഥാനാര്‍ത്ഥിയായി ഇന്നലെ രംഗത്തു വന്നത്. മാത്രമല്ല ബി.ജെ.പിയുടെ ടിക്കറ്റില്‍ വിജയിച്ച മന്ദിരം രവീന്ദ്രനും പ്രകാശിന് ഇന്നലെ വോട്ടു ചെയ്തിരുന്നു. ഇത്തരം തെറ്റായ നടപടികള്‍ ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പൊതുജനത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നേതൃത്വത്തിന് ലജ്ജയില്ലേയെന്നും സി.പി.ഐ ഇറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു. വിഷയം പഞ്ചായത്ത് എല്‍.ഡി.എഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും  നേതൃത്വത്തിന് പരാതി നല്‍കുമെന്നും റാന്നി ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ അറിയിച്ചു.

പ്രകാശ് സിപിഎമ്മുകാരന്‍

സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കെആര്‍ പ്രകാശ് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും നേതാവായിരുന്നു. സിപിഎമ്മിലെ ഒരു പ്രമുഖ നേതാവുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് പ്രകാശിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത്. തെക്കേപ്പുറം വാര്‍ഡില്‍ പ്രകാശിന് സീറ്റ് കൊടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പ്രകാശിനെ ഒഴിവാക്കി റോഷനാണ് സീറ്റ്  നല്‍കിയത്. ഇവിടെ സ്വതന്ത്രനായി മത്സരിച്ച പ്രകാശ് വിജയിച്ചു. അതോടെ യുഡിഎഫ്  ഇദ്ദേഹത്തെ നോട്ടമിടുകയും ചെയ്തു. പ്രസിഡന്റായ ശേഷം പ്രകാശ് പഞ്ചായത്തിനെ മുന്നോട്ടു നയിച്ച രീതി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. ഇതോടെ പ്രകാശിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ സിപിഎം നിര്‍ബന്ധിതമാവുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…