കണ്‍സഷന്‍ കാര്‍ഡിന്റെ പേരില്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും നെട്ടോട്ടമോടിക്കുന്നു: അനുഭവസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

0 second read
Comments Off on കണ്‍സഷന്‍ കാര്‍ഡിന്റെ പേരില്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും നെട്ടോട്ടമോടിക്കുന്നു: അനുഭവസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
0

കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസിയുടെ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡ് വിതരണം ഓണ്‍ലൈന്‍ മുഖേനെ ആക്കിയതോടെ ആകെപ്പാടെ ആശയക്കുഴപ്പം. വളരെ കഷ്ടപ്പെട്ട് ഓണ്‍ലൈന്‍ ഫോമും ഫില്‍ ചെയ്ത് അയച്ച് പണവും അടച്ച് കാര്‍ഡ് റെഡിയായി എന്ന് അറിയിപ്പും വന്നു. ബന്ധപ്പെട്ട ഡിപ്പോയില്‍ ചെന്നപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് അന്‍സാര്‍ തേവലക്കര ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് നേരിട്ട അനുഭവം ആക്ഷേപ ഹാസ്യം കലര്‍ത്തിയാണ് അദ്ദേഹം എഫ്ബിയില്‍ കുറിച്ചിട്ടുള്ളത്.

കെഎസ്ആര്‍ടിസി കണ്‍സഷന്‍ ഒരു അപാരത!

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ ലളിതമാക്കുന്നതിനായി ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയാണ് ഇത്തവണ കെഎസ്ആര്‍ടിസി  സ്വീകരിച്ചത്. പണ്ടൊക്കെ വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും ഫോട്ടോയും പൈസയുമായി കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി കണ്‍സഷന്‍ കാര്‍ഡ് കൈപ്പറ്റുന്നതായിരുന്നു രീതി

ജനങ്ങളുടെ ഇത്രയും വലിയ ‘ ബുദ്ധിമുട്ട് ‘  ഒഴിവാക്കുന്നതിനാണ് ഇത്തവണ കൊട്ടിഘോഷിച്ചുകൊണ്ട് ഓണ്‍ലൈന്‍ വഴി പദ്ധതി നടപ്പിലാക്കിയത്. !

ദോഷം പറയരുതല്ലോ..

നല്ല സൂപ്പര്‍ പദ്ധതിയാണ് കേട്ടോ..

വടക്കുംതല പനയന്നാര്‍കാവ് എസ്‌വിപിഎംഎച്ച്എസില്‍ പഠിക്കുന്ന മോള്‍ക്ക് വേണ്ടി ഇത്തവണത്തെ ഓണ്‍ലൈന്‍ കണ്‍സഷന്‍ വാങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ട  മാതാവിന്റെയും പിതാവിന്റെയും ‘  ഗഥനകഥ ‘ ഇവിടെ വിസ്തരിക്കാം..

രംഗം 1

മൊബൈല്‍ ഫോണ്‍ വഴി കെഎസ്ആര്‍ടിസി സൈറ്റില്‍ കയറി കുട്ടിയുടെ ക്ലാസ് , സ്‌കൂള്‍, റോള്‍ നമ്പര്‍, അഡ്രസ്സ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് പുറമേ  കുട്ടിയുടെ ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവ സ്‌കാന്‍ ചെയ്ത് കയറ്റണം. ( കേവലം ഒരു കണ്‍സഷന് വേണ്ടിയായത് കൊണ്ടായിരിക്കാം,ആധാരമോ മുന്നാധാരമോ അടിയാധാരമോ ചോദിച്ചില്ല, ഭാഗ്യം).

ഒരു വിധത്തില്‍ ഇതെല്ലാം സ്‌കാന്‍ ചെയ്ത്, റീസൈസ് ചെയ്ത് അവസാനം ഒരു വിധം അപ്ലൈ ചെയ്തു

മണിക്കൂറുകള്‍ക്ക് ശേഷം ദാ കിടക്കുന്നു കെഎസ്ആര്‍ടിസിയുടെ ഇമെയില്‍ സന്ദേശം. ഞാന്‍ റീസൈസ് ചെയ്ത് കയറ്റിയ റേഷന്‍ കാര്‍ഡിന് ക്ലാരിറ്റി ഇല്ലത്രേ..

രംഗം 2

എങ്കില്‍ അക്ഷയ വഴി അപേക്ഷിക്കാം എന്ന് കരുതി അവിടെ പോയി മണിക്കൂറുകളോളം വെയിറ്റ് ചെയ്ത ശേഷം  അക്ഷയ ചേച്ചിയുടെ കയ്യില്‍ കൊടുത്തു.പക്ഷേ ചേച്ചി ഇത് ആദ്യമായി കാണുന്ന ആളാണെന്ന് ഒറ്റ നോട്ടത്തില്‍  മനസ്സിലായി. മുക്കാല്‍ മണിക്കൂറോളം കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് ചേച്ചി തത്ത പിത്ത കളിച്ചു.അവസാനം ചൂടായപ്പോള്‍ പറയുന്നു, ഞാന്‍ പുതിയതാണ് എനിക്ക് ഇത് ചെയ്യാന്‍ അറിയില്ലന്ന്..

തുടര്‍ന്ന് ദേഷ്യം കടിച്ചമര്‍ത്തി അവിടെ നിന്നും ഇറങ്ങി തേവലക്കരയിലുള്ള  അടുത്ത സുഹൃത്തിന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ ഇമെയില്‍ വഴി രേഖകള്‍ അയച്ചു കൊടുത്തപ്പോള്‍ അവന്‍ (  ടമാലലൃ ഗവമി ) ഇതെല്ലാം ചെയ്തു തന്നു !!

രംഗം 3

കെഎസ്ആര്‍ടിസിയില്‍ നിന്നും വീണ്ടും ഇമെയില്‍ . നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു. മറ്റു നടപടികള്‍ പെന്റിങ്ങിലാണ്. ഇനി സ്‌കൂള്‍ അധികാരികള്‍ അപ്രൂവല്‍ ചെയ്യണമെന്ന്..

സ്‌കൂള്‍ അധികൃതര്‍ അടുത്ത ദിവസം അപ്പ്രൂവല്‍ നല്‍കി. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഇമെയില്‍ വീണ്ടുമെത്തി. നിങ്ങളുടെ കണ്‍സഷന് വേണ്ടിയുള്ള അപേക്ഷ എല്ലാ രീതിയിലും സക്‌സസ് ആണ് , അതിന്റെ പെയ്‌മെന്റ് ഉടന്‍ കെഎസ്ആര്‍ടിസിക്ക് അടയ്ക്കണമെന്ന്..

രംഗം 4

അങ്ങനെ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട 110 രൂപ  ഉടന്‍ തന്നെ അടച്ചു. വീണ്ടും കെഎസ്ആര്‍ടിസിയുടെ സന്തോഷം നിറഞ്ഞ സന്ദേശം എത്തി. നിങ്ങളുടെ അപേക്ഷ ഞങ്ങള്‍ സ്വീകരിച്ചു .നിങ്ങള്‍ എത്രയും വേഗം ഡിപ്പോയില്‍ വന്ന് ഇവിടെ തയ്യാറായിരിക്കുന്ന കാര്‍ഡ് കൈപ്പറ്റണം എന്ന് !!

രംഗം 5

അതനുസരിച്ച് കഴിഞ്ഞ ദിവസം വീണ്ടും മഴയത്ത് 8 കിലോമീറ്റര്‍ അപ്പുറമുള്ള കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക്.ഇതിനിടയില്‍ വണ്ടി പഞ്ചറായി വഴിയില്‍ കിടന്ന കാര്യം തല്‍ക്കാലം പറയുന്നില്ല.

രംഗം 6

ദാ കിടക്കുന്നു അവിടെ ഇരിക്കുന്ന സാറന്മാരുടെ പുതിയ കല്‍പ്പന. അപ്‌ലോഡ് ചെയ്ത രേഖകളുടെ ഒറിജിനലും സ്‌കൂളില്‍ നിന്നും അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റും ഇവിടെ നേരിട്ട് ഹാജരാക്കിയാല്‍ മാത്രമേ കാര്‍ഡ് തരാന്‍ സാധിക്കൂ എന്ന്..

പണവും വാങ്ങി എല്ലാ വെരിഫിക്കേഷനും  അപ്രൂവലും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം കാര്‍ഡ് കൈപ്പറ്റാന്‍ ഡിപ്പോയിലേക്ക് വരൂ എന്ന് ക്ഷണിച്ച നിങ്ങള്‍ എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന ചോദ്യത്തിന് സാറന്മാരുടെ കയ്യില്‍ ഉത്തരമില്ല

സമാന അവസ്ഥയില്‍ എത്തിയ മറ്റു രക്ഷിതാക്കളുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം സാറന്മാര്‍ക്ക് ഇല്ല.ചോദ്യങ്ങളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ എവിടെയൊക്കെയോ ഫോണ്‍ വിളിച്ചു ചോദിച്ചശേഷം അവസാനം ഒരു മറുപടി അഠഛ എന്ന തസ്തികയിലുള്ളയാള്‍ ഒപ്പിച്ചു പറഞ്ഞു.സ്‌കൂള്‍ അപ്രൂവല്‍ നേരിട്ട് കൊണ്ട് തരുന്നവര്‍ക്ക് മാത്രം കാര്‍ഡ് നല്‍കിയാല്‍ മതി എന്ന് മുകളില്‍ നിന്നും ഇന്നലെ പുതിയ നിര്‍ദ്ദേശം വന്നത്രേ..

എങ്കില്‍ എന്തുകൊണ്ട് അത് ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ രക്ഷിതാക്കളെ അറിയിച്ചില്ല എന്ന ചോദ്യത്തിന് പിന്നെയും മൗനം!!

രംഗം 7

ഉടന്‍തന്നെ കെഎസ്ആര്‍ടിസി കണ്‍സഷന്‍ ഹെല്‍പ്പ് സെന്ററിലേക്ക് വിളിച്ചു. 10 മിനിറ്റോളം മനോഹരമായ മൂസിക്ക് കേള്‍പ്പിച്ച ശേഷം അപ്പുറത്ത് ആരോ ഒരാള്‍  ഫോണ്‍ എടുത്തു. കാര്യം പറഞ്ഞപ്പോള്‍ ‘ അങ്ങനെ ഒരു നിര്‍ദ്ദേശം ഡിപ്പോകളിലേക്ക് നല്‍കിയിട്ടില്ല എന്നും പണം അടച്ച്, കാര്‍ഡ് കൈപ്പറ്റാന്‍ എത്തിയവര്‍ക്ക്   അത് തടസ്സം  കൂടാതെ കിട്ടേണ്ടതാണല്ലോ ‘ എന്ന മറുപടിയാണ് ലഭിച്ചത്.കരുനാഗപ്പള്ളി ഡിപ്പോയില്‍ അന്വേഷിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ വെച്ചു.

വീണ്ടും അരമണിക്കൂര്‍ തിരിച്ചുവിളി പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്.

നോ രക്ഷ..

രംഗം 8

വീണ്ടും ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചു. വീണ്ടും 10 മിനിറ്റ് മൂസിക്ക് കേള്‍പ്പിച്ച ശേഷം വേറൊരാള്‍ ഫോണ്‍ എടുക്കുന്നു.കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നു നേരത്തെ ഫോണ്‍ എടുത്തയാള്‍ പോയി. എങ്കിലും പ്രശ്‌നമെന്താണന്ന് അറിയാം. കാരണം കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും വേറെ ആരൊക്കെയോ ഇത്തരത്തില്‍ പരാതി പറയാന്‍ വിളിച്ചിരുന്നത്രേ. ഇത് പ്രകാരം അന്വേഷിച്ചപ്പോള്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ നിന്നും ഇങ്ങനെ ഒരു  നിര്‍ദ്ദേശം കരുനാഗപ്പള്ളി ഡിപ്പോയിലേക്ക്  കൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മറുപടി.എന്തുകൊണ്ടാണ് അപ്രൂവല്‍ നല്‍കി, പണം അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി  കാര്‍ഡ് കൈപ്പറ്റാന്‍ എത്തിയപ്പോള്‍ മാത്രം ഇത് പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും മറുപടിയില്ല.

രംഗം 9

എന്നും എപ്പോഴും അവസാനം വ്യവസ്ഥിതിക്ക് മുന്നില്‍ പരാജയപ്പെടുന്നതും മുട്ടുമടക്കുന്നതും സാധാരണക്കാരനായിരിക്കുമല്ലോ. മണിക്കൂറുകളോളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തര്‍ക്കിച്ചും മഴ നനഞ്ഞും കളഞ്ഞശേഷം കുട്ടിയുടെ മാതാവ് ഒരു പരാജിതയുടെ അപമാന ഭാരത്തോടെ വീട്ടിലേക്ക്.

സ്‌കൂള്‍ തുറന്ന് ഇതിനകം 20 ദിവസങ്ങള്‍ കഴിഞ്ഞു എങ്കിലും ഈ സമയം വരെയും കണ്‍സഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല

പണ്ട് സ്‌കൂളിലെ ഒരു സര്‍ട്ടിഫിക്കറ്റ് ഡിപ്പോയില്‍ കൊടുത്താല്‍ കിട്ടുന്ന കണ്‍സഷന്‍ ലളിതമാക്കാനായി കൊണ്ടുവന്ന പരിഷ്‌കാരം സൂപ്പറായിട്ടുണ്ട് കെഎസ്ആര്‍ടിസിക്കാരാ.ഇനിയും ഇങ്ങനെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് കെഎസ്ആര്‍ടിസിയെ വളര്‍ത്തി വലുതാക്കണം കേട്ടോ..!!

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…