പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സിയിലേക്ക് എം പാനല്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ ഒരിക്കല്‍ പാസായി ജോലി ചെയ്തിരുന്നവര്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുന്നു. പിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യമെന്ന ആരോപണവുമായി തൊഴിലാളി യൂണിയനുകള്‍. കോവിഡ് കാലത്തിന് തൊട്ടുമുന്‍പ് ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുകയും രണ്ടു വര്‍ഷത്തോളം ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിക്കുകയും ചെയ്തിരുന്ന ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്.
കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി പി.എസ്.സി തയാറാക്കിയ ലിസ്റ്റില്‍ നിന്നുള്ളവരെയാണ് പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം എം. പാനല്‍ ഡ്രൈവര്‍മാരാക്കിയത്. ഇതിനായി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള മൂവായിരത്തോളം പേരെയാണ് ടെസ്റ്റ് നടത്തി തെരഞ്ഞെടുത്തത്. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടാതെ ശേഷിക്കുന്നവരെ എം. പാനല്‍ ഡ്രൈവര്‍മാരാക്കാനായിരുന്നു കോടതി ഉത്തരവ്. കോവിഡ് കാലഘട്ടത്തില്‍ ഇങ്ങനെ എടുത്ത ഡ്രൈവര്‍മാരെയൊക്കെ പിരിച്ചു വിട്ടു. വീണ്ടും ഡ്രൈവര്‍മാരെ കോര്‍പ്പറേഷന് ആവശ്യമായി വന്നപ്പോഴാണ് ഇവരെ തന്നെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചത്. മുന്‍പ് ടെസ്റ്റ് പാസായി രണ്ടു വര്‍ഷത്തോളം വണ്ടി ഓടിച്ചു നടന്നവര്‍ വീണ്ടും ടെസ്റ്റ് പാസാകണമെന്ന വിചിത്ര നിര്‍ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.
ഒരിക്കല്‍ ഡ്രൈവിങ് ടെസ്റ്റ് പാസായി ജോലിക്ക് കയറിയവരെ എം. പാനലിലേക്ക് തിരിടെ എടുക്കാന്‍ വീണ്ടും ടെസ്റ്റ് നടത്തുന്നതിന് പിന്നില്‍ വമ്പന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചു പണി വരുമ്പോള്‍ ഗതാഗതവകുപ്പിന്റെ മന്ത്രി മാറാനുള്ള സാധ്യതയുണ്ട്. ഈ അവസരം മുതലാക്കി ചിലര്‍ സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് വന്നിരിക്കുകയാണെന്നാണ് ആക്ഷേപം. ജില്ലയില്‍ കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് വേണ്ടി എടുത്ത സ്ഥലത്ത് വച്ചാണ് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്.