പത്തനംതിട്ട: സെപ്റ്റംബര്‍ നാലിന് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടത് 8,46,93,400 രൂപ വരുമാനമാണ്. നേടിയെടുത്തതോ 8,78,57,891 രൂപയും. ലക്ഷ്യമിട്ടതിന്റെ 103.74 ശതമാനം നേട്ടം. ഇത്രയൊക്കെ വരുമാനം കിട്ടിയിട്ടും എന്തു കൊണ്ടാണ് കോര്‍പ്പറേഷന് ശമ്പളം പോലും നേരാംവണ്ണം കൊടുക്കാന്‍ കഴിയാത്തതെന്ന് തൊഴിലാളി സംഘടനകള്‍ ചോദിക്കുന്നു. വരുമാനക്കണക്കില്‍ ഓഡിറ്റ് വേണമെന്നാണ് അവരുടെ ആവശ്യം.
ഒരിക്കലും നേടിയെടുക്കില്ലെന്ന് കരുതി അപ്രാപ്യമായ ലക്ഷ്യമാണ് കോര്‍പ്പറേഷന്റെ തലപ്പത്തുള്ളവര്‍ ഇടുന്നത് എന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ഉത്തരമേഖലയാണ്. വടക്കേ അറ്റത്തുള്ള ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലയ്ക്ക് നല്‍കിയ ലക്ഷ്യം 2,21,08,200 രൂപയാണ്. 2,36,91,837 രൂപ അവര്‍ നേടിയെടുത്തു-107.16 ശതമാനം. മധ്യകേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിന് കൊടുത്ത ലക്ഷ്യം 2,79,05,200 രൂപയാണ്. 106.58 ശതമാനം വരുമാന ലക്ഷ്യമാണ് അവര്‍ നേടിയെയടുത്തത്. അതായത് 2,97,40,660 രൂപ.
ഏറ്റവും കൂടുതല്‍ ബസുകളും സര്‍വീസുമുള്ള തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയ്ക്കായിരുന്നു ഏറ്റവും വലിയ ലക്ഷ്യം നല്‍കിയത്. 3,46,80,000 രൂപ. 3,44,25,394 രൂപ അവര്‍ നേടിയെടുത്തു. ഒട്ടും കുറവല്ല 99.27 ശതമാനം വരുമാനമാണ് അവര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത്. പൊതുഗതാഗത രംഗത്തെ ജനം കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയെന്ന് വിവിധ യൂണിയന്റെ നേതാക്കള്‍ പറയുന്നു. പ്രതിദിന ലക്ഷ്യം വരുമാനത്തില്‍ കൈവരിക്കാന്‍ കഴിയുന്ന കോര്‍പ്പറേഷന് എന്തു കൊണ്ട് പെന്‍ഷനും ശമ്പളവും നല്‍കാന്‍ കഴിയുന്നില്ലെന്ന് ചോദിക്കുമ്പോഴുളള മറുപടി ബാധ്യത എന്നായിരിക്കും.
കെഎസ്ആര്‍ടിസിക്ക് മുഴുവന്‍ ഉള്ള ബാധ്യതകളുടെ എത്രയോ ഇരട്ടി ആസ്തിയായി കിടക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ചോദിക്കുന്നു. വരുമാനത്തിലും ചെലവിലും എംഡി പറയുന്ന കണക്ക് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഓഡിറ്റ് ചെയ്ത് ശരിയായ കണക്ക് പുറത്തു വിടണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.