
കോഴഞ്ചേരി: വന്ദേഭാരത് ട്രെയിന് ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയില്‍ നിന്ന് ബസ് അനുവദിക്കാതെ കെ.എസ്.ആര്‍.ടി.സി. യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് സ്വകാര്യ ബസുടമ നിര്‍ത്തി വച്ചിരുന്ന സര്‍വീസുമായി രംഗത്തു വന്നു. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 5.30 നാണ് സ്വകാര്യ ബസ് ചെങ്ങന്നൂരിലേക്ക് സര്‍വീസ് തുടങ്ങിയത്. പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടില്‍ നേരത്തെ കെ.എസ്.ആര്‍.ടി. സി ചെയിന്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാലയളവില്‍ മുറിഞ്ഞ ചെയിന്‍ വിളക്കി ചേര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ല.
ഇതോടെ ഈ റൂട്ടില്‍ യാത്ര ബുദ്ധിമുട്ടായിരുന്നു. ചെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരും സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ശബരിമല സീസണില്‍ മാത്രമാണ് ചെങ്ങന്നൂര്‍ റെയില്‍വേ സേ്റ്റഷനില്‍ നിന്നും പത്തനംതിട്ട വഴി കെ.എസ്.ആര്‍.ടി.സി ഓടുന്നത്. രാവിലെ 6.53 മുതല്‍ 6.55 വരെയും രാത്രി 8.46 മുതല്‍ 8.48 വരെയുമാണ് ചെങ്ങന്നൂരില്‍ ട്രെയിന്‍ നിര്‍ത്തിയിടുന്നത്.
തിരുവനന്തപുരത്തു നിന്നും രാവിലെ പുറപ്പെടുന്ന ട്രെയിന്‍ 6.53 ന്
ചെങ്ങന്നൂരില്‍ എത്തിച്ചേരും. 6.55 ന് കാസര്‍കോട്ടേക്ക് തിരിക്കും. വൈകിട്ട് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് ട്രെയിന്‍ 8.46 നു ചെങ്ങന്നൂരില്‍ എത്തിച്ചേരുകയും 8.48 നു തിരുവനന്തപുരത്തേക്കു തിരിക്കുകയും ചെയ്യും രണ്ടു മിനിട്ടു സമയം ആണ് ചെങ്ങന്നൂരില്‍ അനുവദിച്ചിരിക്കുന്നത്.
ട്രെയിന്‍ ചെങ്ങന്നൂരില്‍ വരുമ്പോഴേക്ക് എത്താന്‍ പത്തനംതിട്ട നിന്നും സൗകര്യം ഇല്ലാതെ വന്നതോടെയാണ് പഴൂര്‍ ബസ് ഓടിക്കാന്‍ ഉടമ മുന്നോട്ടു വന്നത്. വന്ദേഭാരത് ട്രെയിന്‍ യാത്രക്കാര്‍ക്കായി പുലര്‍ച്ചെ 5:30 നാണു പത്തനംതിട്ട നിന്നും ബസ് സര്‍വീസ് ആരംഭിക്കുന്നത്. സമയക്രമം. പത്തനംതിട്ട – 05:35 ,ഇലന്തൂര്‍ – 5:50, കോഴഞ്ചേരി – 6:00, കോഴിപ്പാലം /
ആറന്മുള – 6:10, ചെങ്ങന്നൂര്‍ റെയില്‍വേ സേ്റ്റഷന്‍ – 6:30.