
പമ്പ: മകര വിളക്ക് ഉത്സവത്തിനായി കെ.എസ്.ആര്‍.ടി.സി 800 ബസുകള്‍ ക്രമീകരിച്ചു. ഇവയില്‍ 450 എണ്ണം ചെയിന്‍ സര്‍വീസിനായും 350 എണ്ണം ദീര്‍ഘദൂര സര്‍വീസിനായും ഉപയോഗിക്കും. ഇവ നിലയ്ക്കല്‍, പമ്പ എന്നീ സേ്റ്റഷനുകളില്‍ എത്തുമെന്ന് കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ ഓഫീസര്‍ ഷാജു ലോറന്‍സ് അറിയിച്ചു.
അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കില്‍ പത്തനംതിട്ട, എരുമേലി സേ്റ്റഷനുകളില്‍ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴു വരെ 5150442 യാത്രകളാണ് കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകള്‍ മുഖേന വിവിധ റൂട്ടുകളില്‍ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സര്‍വീസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നിലക്കലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കല്‍ ബേസ് സേ്റ്റഷനില്‍ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദര്‍ശനം നടക്കുന്ന 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കല്‍ എത്തിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗജന്യ ബസുകള്‍ ഏര്‍പ്പെടുത്തും.
കഴിഞ്ഞ ഏഴു വരെ പമ്പ – നിലക്കല്‍ റൂട്ടില്‍ 1,21,109 ചെയിന്‍ സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്നായി 14,111 ദീര്‍ഘദൂര ട്രിപ്പുകള്‍ പമ്പയില്‍ എത്തുകയും 14,156 ട്രിപ്പുകള്‍ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
നട തുറന്ന ശേഷം 4624 ബസ് ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂര്‍ റൂട്ടിലാണ് ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തിയത്. ഈ സീസണില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് 604 കണ്ടര്‍ക്ടര്‍മാരും 668 ഡ്രൈവര്‍മാരും പമ്പയിലെത്തി സേവനമനുഷ്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി. പമ്പ സ്‌പെഷ്യല്‍ ഓഫീസറെ കൂടാതെ അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍, മെക്കാനിക്ക്, ഇന്‍സ്‌പെക്ടര്‍, സേ്റ്റഷന്‍മാസ്റ്റര്‍, മിനിസ്റ്റീരിയല്‍ വിങ്ങ്, ഗാര്‍ഡ് എന്നിങ്ങനെ നിരവധി ജീവനക്കാരുടെ സേവനവും ഈ കാലയളവില്‍ ഉണ്ടായി.