
പത്തനംതിട്ട: ദേശാഭിമാനി ദിനപത്രത്തിന്റെ വാര്‍ഷിക വരിക്കാരാന് മടിച്ചതിന് ആറു വനിതകള്‍ ചേര്‍ന്ന് നടത്തുന്ന കുടുംബശ്രീ സംരംഭം അടച്ചു പൂട്ടാന്‍ നിര്‍ദേശം. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദം മൂലം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയെന്ന് വനിതാ സംരംഭകര്‍ ആരോപിക്കുന്നു. ഈ വിവരം നിഷേധിച്ചിരിക്കുകയാണ് ഡിടിപിസി അധികൃതര്‍. പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭമാണ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിയത്.
കോവിഡ് കാലത്ത് അടക്കം നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മലയാലപ്പുഴയിലെ മൗണ്ട് ഇന്‍ കഫേക്കാണ് പുട്ട് വീണത്. പത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ച കുടുംബശ്രീ സംരംഭം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ മലയാലപ്പുഴയിലുള്ള അമ്നിറ്റി സെന്ററിലാണ് മൗണ്ട് ഇന്‍ കഫേ പ്രവര്‍ത്തിച്ചിരുന്നത്. ഇതേ രീതിയില്‍ ആറന്മുള, വടശേരിക്കര, കുളനട എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന അമ്നിറ്റി സെന്ററുകള്‍ കാടു പിടിച്ച് നാശത്തിന്റെ വക്കിലാണ്.
നിലവില്‍ വരുമാനമുള്ള മലയാലപ്പുഴയിലെ അമ്നിറ്റി സെന്റര്‍ നഷ്ടത്തിലാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉപജീവനത്തിനായി നടത്തിവന്ന സംരംഭം അടച്ചു പൂട്ടുന്നത്. കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജീവ സഹകരണം നല്കിയ മൗണ്ട് ഇന്‍ കഫേ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് പ്രദേശത്തെ വീടുകളില്‍ ഭക്ഷണ വിതരണം നടത്തിയതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. 2014 ല്‍ ജില്ലയിലെ ഏറ്റവും നല്ല സി.ഡി.എസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഈ കുടുംബശ്രീ ഗ്രൂപ്പിന്റെ വിജയഗാഥ കൈരളിയും ദേശാഭിമാനിയുമടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. കുടുംബശ്രീയുടെ നാടക ട്രൂപ്പായ രംഗശ്രീയുടെ പരിശീലനത്തിനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നല്കിയിരുന്നതും മൗണ്ട് ഇന്‍ കഫേ പ്രവര്‍ത്തകരാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഝാര്‍ഖണ്ഡ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഉഗാണ്ട, അമേരിക്ക, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമടക്കം നിരവധി പഠന സംഘങ്ങളും ആശ്രയിച്ചിരുന്ന ഈ കുടുംബശ്രീ സംരംഭം അടച്ച് പുട്ടുമ്പോള്‍ ജില്ലാ മിഷന് കാഴ്ച്ചക്കാരാണ്.
10 വര്‍ഷക്കാലമായി ദേശാഭിമാനി പത്രം വരുത്തുന്നുണ്ടായിരുന്നു.
എന്നാല്‍, ഈ അടുത്ത കാലത്ത് ഓരോ അംഗങ്ങളും ഓരോ പത്രം വീതം വരുത്തണം എന്ന ആവശ്യം നിരസിച്ചതാണ് തങ്ങള്‍ക്ക് വിനയായതെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കരുതുന്നത്. ലോണെടുത്ത് വാങ്ങിച്ച എ.സി അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗശൂന്യമാവുകയും ലോണിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്യുമെന്നുള്ള ആശങ്കയിലാണ് കുടുംബശ്രീ സംരംഭകര്‍. എന്നാല്‍ ആരോപണം ഡി.ടി.പി.സി തള്ളി. പത്ത് വര്‍ഷമായി ഒരേ സംരംഭകര്‍ക്ക് നല്കുന്നതില് ഓഡിറ്റില്‍ പ്രശ്നം വന്നു, ഇതോടെ നിയമപരമായി ടെണ്ടര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് വിശദീകരണം.
സമരം ചെയ്യുമെന്ന് കോണ്‍ഗ്രസ്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള മലയാലപ്പുഴ അമിനിറ്റി സെന്ററില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ സരംഭകരെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ചതിനെതിരേ സമരം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഹോട്ടലില്‍ ഇപ്പോള്‍ ഒരു ദേശാഭിമാനി പത്രം ഉള്ളത് പോരാതെ ഓരോ അംഗങ്ങളും ഒരു വര്‍ഷത്തേക്ക് പത്രത്തിന്റെ വരിക്കാരാകണമെന്നും തുക മുന്‍കൂട്ടി അടക്കണമെന്നും പ്രാദേശിക സി.പി.എം നേതാവ് ഹോട്ടലില്‍ എത്തി ആവശ്യപ്പെട്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിന് സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ അധികൃതരെക്കൊണ്ട് ഇത്രയും വേഗം നടപടി ക്രമങ്ങളുടെ പേര് പറഞ്ഞ് തങ്ങളെ ഇറക്കി വിട്ടതെന്നും ഇങ്ങനെ ചെയ്യുമെന്ന് പ്രാദേശിക നേതാക്കള്‍ വരിക്കാരെ ചേര്‍ക്കാന്‍ വന്ന ദിവസം ഭീഷണി മുഴക്കിയിരുന്നതായും ഹോട്ടല്‍ നടത്തിപ്പുകാരായിരുന്ന കുടുംബശ്രീ വനിതകള്‍ പറഞ്ഞു.
മലയാലപ്പുഴ ടൂറിസം അമിനിറ്റി സെന്ററില്‍ വര്‍ഷങ്ങളായി ഹോട്ടല്‍ സംരംഭം നടത്തിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് അനുഭാവികളായ കുടുംബശ്രീ വനിതകളെ ദേശാഭിമാനി പത്രത്തിന്റെ വാര്‍ഷിക വരിക്കാരായില്ല എന്നതിന്റെ പേരില്‍ മറ്റ് കാരണ ങ്ങള് കൂടാതെ രാഷ്ര്ടീയ പകപോക്കലിന്റെ പേരില്‍ ഒഴിപ്പിച്ച നടപടി പുന:പരിശോധിച്ച് അത് തുടരുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് എന്നിവര്‍ ജില്ലാ കുടുംബശ്രീ മിഷന്,ഡി.റ്റി. പി.സി അധികൃതരോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണത്തിലുള്ള മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും സി.പി.എം നേതാക്കളും ഭരണത്തിന്റെ തണലില്‍ സ്വജന പക്ഷപാതവും രാഷ്ര്ടീയ വിവേചനവും കാട്ടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കുടുംബശ്രീ വനിതാ സംരംഭകരോട് കാട്ടിയതെന്നും ഇതിനെതിരെ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.