പത്തനംതിട്ട : ജില്ലാ കേന്ദ്രത്തിൻ്റെ ഉപനഗരമായ കുമ്പഴ നഗര കവാടമാക്കാൻ ഒരുങ്ങുകയാണ്. പ്രധാന റോഡുകൾ കടന്നു പോകുന്ന, നിരവധി തീർത്ഥാടകേന്ദ്രങ്ങലേക്കുള്ള പാതകൾ സംഗമിക്കുന്ന കുമ്പഴ കവലയിൽ ഗേറ്റ് വേ ലാൻഡ്മാർക്ക് നിർമ്മിച്ച് ദൃശ്യ ശ്രദ്ധ നൽകും. തൊട്ടടുത്തുള്ള ഓപ്പൺ സ്റ്റേജും അസംബ്ലി ഏരിയയും കൂടുതൽ ആകർഷകമാക്കി മികച്ച സൗകര്യങ്ങൾ ഒരുക്കും എന്നാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്.
ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായ കുമ്പഴ മാർക്കറ്റ് വിവിധോദ്ദേശ്യമാർക്കറ്റായി ഉയർത്തും. ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ, മത്സ്യ മൊത്ത വ്യാപാരത്തിനു ശേഷം പ്രവർത്തനരഹിതമായി തുടരുന്ന മത്സ്യ മാർക്കറ്റിൽ ചക്രങ്ങളിൽ ഓടുന്ന താൽക്കാലിക ഷോപ്പുകൾ, ചുറ്റുമുള്ള സ്ഥലങ്ങൾ ഏറ്റെടുത്ത് ഇ മൾട്ടി- ഫംഗ്ഷണൽ അപ്‌വേർഡ് മാർക്കറ്റ് എന്നിവ യാഥാർത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യം വക്കുന്നത്.
തീരസംരക്ഷണവും വിശ്രമ വിനോദസാധ്യതകളും ഉറപ്പുവരുത്തി അച്ചൻകോവിൽ ആറും തീരം ഉപയോഗപ്പെടുത്തും. കുമ്പഴയുടെ തെക്കേ അറ്റത്തായി കിഴക്ക് നിന്ന് പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന നദിയിൽ കയാക്കിങ്, സിപ്പ് ലൈനിങ് തുടങ്ങിയ ജലസാഹസിക വിനോദങ്ങൾക്ക് സജ്ജമാക്കുക, ആറിന് വടക്കുവശത്ത് തീരസംരക്ഷണ ഭിത്തിയോട് കൂടി റിവർവ്യൂ കോർണിഷ് പാർക്ക്, തകർന്നു കിടക്കുന്ന തുണ്ടമാങ്കര കടവ് പാലത്തിന് പകരം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തൂക്കുപാലം, പൊതു ജിം ഉൾപ്പെടെ നഗരതല വിനോദ ഉദ്യാനം, തുണ്ടമങ്കരയിൽ അച്ചൻകോവിലാറിലേക്ക് ലയിക്കുന്ന തോടിന്റെ ഭാഗത്ത് മലിനീകരണം കുറയ്ക്കുന്നതിനായി വാട്ടർ ട്രീറ്റ്മെൻറ് സംവിധാനം എന്നിവ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നു.
വേനൽക്കാലത്ത് ജല ദൗർലഭ്യവും വർഷകാലത്ത് വെള്ളപ്പൊക്ക സാധ്യതയുമുള്ള പ്രദേശത്തിന്റെ സമ്പത്താണ് തണ്ണീർത്തടങ്ങൾ. പദ്ധതി പ്രദേശത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശം എക്കോളജിക്കൽ പാർക്കായി സംരക്ഷിക്കും. വെള്ളപ്പൊക്ക സമയത്ത് അച്ഛൻകോവിൽ ആറിൽ നിന്ന് തോട്ടിലൂടെ പ്രവേശിക്കുന്ന വെള്ളം ശേഖരിക്കുന്നതിന് വിഭാവനം ചെയ്യുന്ന റീചാർജിംഗ് കുളങ്ങൾ, നടപ്പാതകൾ ഉൾപ്പെടുന്ന എക്കോളജിക്കൽ എന്നിവ പാർക്ക് സമകാലീന വികസന സങ്കല്പങ്ങൾ മാറ്റിയെഴുതുന്നതാണ്. പാർക്കിനോട് ചേർന്ന് സ്ട്രീറ്റ് ലൈറ്റിങ്, സ്ട്രീറ്റ് ഫർണിച്ചറുകൾ, വെൻഡിങ് ഷോപ്പുകൾ എന്നിവയോട് കൂടിയ രാത്രികാല സൗഹൃദ സ്ട്രീറ്റും മാസ്റ്റർ മാസ്റ്റർപ്ലാനിൻ്റെ ഭാഗമാണ്.
ടി കെ റോഡ്, ഈസ്റ്റേൺ ഹൈവേ എന്നിവ സംഗമിക്കുന്ന നഗരത്തിലെ തിരക്ക് ഉൾക്കൊള്ളാവുന്ന തരത്തിൽ റോഡിന് വീതികൂട്ടൽ, ബസ് ബേ, പാർക്കിംഗ് ഏരിയ, മൾട്ടിലെവൽ /ഓട്ടോമേറ്റഡ് പാർക്കിംഗ് കെട്ടിടങ്ങൾ, കാൽനടപ്പാത, സൈക്ലിംഗ് ട്രാക്ക് തുടങ്ങിയവ ഉൾപ്പെടെ നിർമ്മിച്ച് ആകർഷകവും സൗകര്യപ്രദവും ആക്കുന്ന പദ്ധതിയാണ് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്.
മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതോടെ സന്തുലിതമായ സുസ്ഥിര വികസനവും മെച്ചപ്പെട്ട ഗതാഗത ശ്ൃംഖലയും സൗകര്യപ്രദവും ആകർഷവുമായ പൊതു ഇടങ്ങളും ഉൾപ്പെടെ ഒരുക്കി പത്തനംതിട്ട നഗരത്തിന്റെ രണ്ടാം നോഡായി കുമ്പഴയെ മാറ്റാൻ കഴിയും എന്ന് നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈൻ പറഞ്ഞു.