കുഞ്ഞുവാവയ്ക്ക് തിരിച്ചു കിട്ടി കൈയില്‍ നിന്നു പോയ സ്വര്‍ണം: നന്ദിപറയാം സുഗതന്‍ അങ്കിളിനും പോലീസ് മാമന്‍മാര്‍ക്കും

0 second read
0
0

പത്തനംതിട്ട: അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കൈയിലേക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ വി അരുണ്‍ കുമാര്‍ സ്വര്‍ണചെയിന്‍ വെച്ചുകൊടുക്കുമ്പോള്‍ ഒന്നും തിരിയാത്ത അവള്‍ പാല്‍പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഇനി മേലില്‍ ചെയിന്‍ കൊണ്ടുകളയരുതെന്ന പോലീസ് മാമന്റെ ഉപദേശം മനസ്സിലായാലും ഇല്ലെങ്കിലും  അവളുടെ ചുണ്ടിലെ ചിരി മാഞ്ഞതേയില്ല.

പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലാണ് കൗതുകകരമായ രംഗം അരങ്ങേറിയത്. സ്വര്‍ണം കളഞ്ഞു കിട്ടിയെന്ന കഴിഞ്ഞദിവസത്തെ പത്രവാര്‍ത്ത കണ്ട് സ്‌റ്റേഷനില്‍ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയില്‍ നിന്നും കഴിഞ്ഞദിവസം  ഉച്ചയ്ക്ക് മണ്ണാറക്കുളഞ്ഞി കണ്ണന്‍ തടത്തില്‍ സുഗതന്‍ എന്നയാള്‍ക്ക് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയെന്നും  അദ്ദേഹം പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്ത. കുഞ്ഞിന്റെ കൈയില്‍ കിടന്ന ചെയിന്‍ നഷ്ടപ്പെട്ട സങ്കടത്തോടെ കഴിയുമ്പോഴാണ്  മീര വാര്‍ത്ത കാണുന്നത്.

ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയും പോലീസ് ഇന്‍സ്‌പെക്ടറുടെ ഫോണില്‍ വിളിച്ച്  സ്വര്‍ണ്ണത്തിന്റെ അടയാളവിവരവും മറ്റും പറഞ്ഞപ്പോള്‍ സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദേശം കിട്ടി. അങ്ങനെയാണ് സ്വര്‍ണാഭരണം കൈപ്പറ്റാന്‍ അമ്മയും കുഞ്ഞും സ്‌റ്റേഷനില്‍ വന്നത്. യൂണിഫോം ധാരികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് പരിഭ്രമത്തോടെ കുഞ്ഞുമായെത്തിയ യുവതി ഹൃദ്യമായ സ്വീകരണത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആശ്വാസനിശ്വാസമുതിര്‍ത്തു.

സ്വര്‍ണം കളഞ്ഞുകിട്ടിയ സുഗതന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല,  അസൗകര്യമുണ്ടെന്നറിയിച്ചതിനാല്‍ അദ്ദേഹത്തെ  കാര്യങ്ങള്‍ പോലീസ് ബോധ്യപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് സ്വര്‍ണം ഏറ്റുവാങ്ങി സ്‌റ്റേഷന്‍ വിട്ട യുവതി, സുഗതനെ തന്റെ നന്ദി അറിയിക്കണമെന്ന് പോലീസിനോട് പറയാനും മറന്നില്ല. എസ്‌ഐയും സ്‌റ്റേഷന്‍ പിആര്‍ഓയുമായ അലക്‌സ് കുട്ടി, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Load More Related Articles

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…