പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ചരിവുകാലായില്‍ ശശീന്ദ്രന്റെ മകളും ആറന്മുള സ്വദേശി രാജേഷിന്റെ ഭാര്യയുമായ എസ്. അഖില (32) ആണ് ഇന്ന് രാവിലെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. എലിപ്പനിയും സംശയിക്കുന്നു. ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെയാളാണ് അഖില.
മൂന്നു പേര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ആങ്ങമൂഴിയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ഏത് പനി വന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ പനിയും മൂക്കൊലിപ്പുമായിട്ടാണ് അഖിലയ്ക്ക് രോഗത്തിന്റെ തുടക്കം. മൂന്നു ദിവസം മുന്‍പ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അതിവേഗം രക്തത്തിലെ കൗണ്ട് കുറയാന്‍ തുടങ്ങി. ഇതോടെ ഇവിടെ നിന്നും റഫര്‍ ചെയ്ത് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
വിമലയാണ് മാതാവ്. ഏക മകള്‍: അക്ഷര: ഭര്‍ത്താവ് രാജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളില്‍ പല തരത്തിലുള്ള പനി അതിവേഗം വ്യാപിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് പറയുന്നുണ്ടെങ്കിലും അവയൊക്കെ മറി കടന്നാണ് എലിപ്പനി, ഡെങ്കിപ്പനി എന്നിവ വ്യാപകമായി പടര്‍ന്നു പിടിക്കുന്നത്.