ആന പാര്‍ക്ക് പദ്ധതിയുടെ മറവില്‍ മൂന്നാറില്‍ ലക്ഷ്യമിട്ടത് ആദിവാസി ഭൂമി കൊള്ള: തടയിട്ടത് റവന്യൂ വകുപ്പും ഉടുമ്പന്‍ചോല തഹസില്‍ദാരും

0 second read
Comments Off on ആന പാര്‍ക്ക് പദ്ധതിയുടെ മറവില്‍ മൂന്നാറില്‍ ലക്ഷ്യമിട്ടത് ആദിവാസി ഭൂമി കൊള്ള: തടയിട്ടത് റവന്യൂ വകുപ്പും ഉടുമ്പന്‍ചോല തഹസില്‍ദാരും
0

ഇടുക്കി: മൂന്നാര്‍ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ചിന്നക്കനാലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആന പാര്‍ക്ക് പദ്ധതിയുടെ മറവില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമാഫിയ നീക്കം നടത്തിയിരുന്നതായുള്ള വിവരങ്ങള്‍ പുറത്തായി. 2022 ജനുവരിയിലാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് മാഫിയ സംഘം ഭൂമി തട്ടിയെടുക്കാനുള്ള നീക്കം നടത്തിയത്. ഉടുമ്പന്‍ചോല തഹസീല്‍ദാരുടെ അവസരോചിതമായ ഇടപെടലുകളെ തുടര്‍ന്ന് പദ്ധതി പാളുകയായിരുന്നു.

ആന പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുമെന്നും തങ്ങള്‍ പറയുന്നവര്‍ക്ക് ഭൂമി വിട്ടു നല്കിയാല്‍ കുടുംബത്തിന് 15 ലക്ഷം രൂപ വീതം നല്കാമെന്ന് ഉദ്യോഗസ്ഥര്‍ മുഖേനെ വാഗ്ദാനം ചെയ്താണ് ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്താല്‍ തുച്ഛമായ തുക മാത്രമേ ലഭിക്കൂവെന്ന് ഉദ്യോഗസ്ഥര്‍ കുടിയിലെ വീടുകള്‍ കയറിയിറങ്ങി പ്രചരിപ്പിച്ചത്. പാര്‍ക്കിനായുള്ള സര്‍വേ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നതിനാല്‍ പലരും ഭൂമി വിട്ടു നല്കാന്‍ തയാറായി. ഇതില്‍ സംശയം തോന്നിയ ചിലരാണ് ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലെത്തി കാര്യങ്ങള്‍ തിരക്കിയത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പില്‍ നിന്ന് റവന്യു വകുപ്പിന് അറിയിപ്പും നല്കിയിരുന്നില്ല.

റവന്യു ഉദ്യോഗസ്ഥര്‍ കുടികളിലെത്തി അന്വേഷണം നടത്തിയപ്പോള്‍ പ്രചരണത്തിനു പിന്നില്‍ ഭൂ മാഫിയ സംഘങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കുടിവാസികളില്‍ നിന്നും മനസ്സിലാക്കിയ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയതോടെ ഭൂമാഫിയ ഉള്‍വലിഞ്ഞു.കോളനികളിലെ ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയില്ലെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറെ വിവരം ധരിപ്പിച്ചതെന്നും അന്നത്തെ ഉടുമ്പന്‍ചോല തഹസില്‍ദാരും ഇപ്പോള്‍ കോട്ടയം അഡീഷണല്‍ തഹസില്‍ദാരുമായ നിജു കുര്യന്‍ പറഞ്ഞു.

എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഇവിടെ പട്ടയം നല്കി പുനരധിവസിപ്പിച്ചത്. ഈ സ്ഥലം ആനകളുടെ സഞ്ചാര പാതയാണെന്ന് അന്നേ വിമര്‍ശനമുണ്ടായിരുന്നു. തുടക്കത്തില്‍ 301 കുടുംബങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
അങ്ങനെയാണ് 301 കോളനിയെന്ന പേരും വന്നത്. ആന ശല്യം മൂലം പലരും ഭൂമി ഉപേക്ഷിച്ചു പോകുകയും ചെയ്തു. നൂറില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആന പാര്‍ക്ക് പദ്ധതി വിഭാവനം ചെയ്തത്. കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന പതിവുകള്‍ക്ക് അറുതി വരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനവുമായി ബന്ധപ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പ്രദേശത്ത് കാടിന്റെ വ്യാപ്തി വര്‍ധിപ്പിച്ച് ആനകള്‍ക്കുള്ള തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് കുറയുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു. ഇതു മൂലമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി സര്‍വേ നടപടികളും മറ്റും പൂര്‍ത്തീകരിച്ച് വനം വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടായില്ല.

രാഷ്ട്രീയ പാര്‍ട്ടികളുമായി രഹസ്യ ബന്ധമുള്ള ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളും മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് സജീവമാണെന്ന് പറയപ്പെടുന്നു. ഇവരെ പ്രതിരോധിക്കുന്നതിനായി കോളനിയില്‍ നിന്നും ഭൂമി ഒഴിഞ്ഞു പോയവര്‍ക്ക് നല്കിയിരുന്ന പട്ടയങ്ങള്‍ റദ്ദു ചെയ്യാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോയിരുന്നു.
എന്നാല്‍ പുറത്തു നിന്നുള്ള പലരും ഈ ഭൂമികള്‍ പാട്ടത്തിനെടുക്കുകയും ചെയ്തു. ഇവരുടെ ഇടപെടലുകളെ തുടര്‍ന്ന് പട്ടയങ്ങള്‍ റദ്ദുചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.

Load More Related Articles
Load More By chandni krishna
Load More In EXCLUSIVE
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …