ബെംഗളൂരു: തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് നഷ്ടമായ ബിജെപി നേതാക്കള്‍ കര്‍ണാടകത്തില്‍ മറുകണ്ടം ചാടാനൊരുങ്ങുന്നു.
കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സാവടി ചര്‍ച്ച നടത്തിതായിട്ടാണ് വിവരം. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഈശ്വരപ്പയും പ്രതിഷേധത്തിലാണ്.
ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി എത്തിയവരില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുമുണ്ട്. 189 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ 52 പേരും പുതുമുഖങ്ങളാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ലക്ഷ്മണ്‍ സാവടിയ്ക്ക് സീറ്റ് നീഷേധിച്ചിരുന്നു. പുതിയതായി വിളിച്ചു ചേര്‍ത്തിരിക്കുന്ന അനുയായികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചേക്കും.
സീറ്റ് കിട്ടാതെ പോയ ജഗദീഷ് ഷെട്ടര്‍ സ്വതന്ത്രനായി മത്സരിച്ചേക്കും. ഈശ്വരപ്പയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നില്ല. പകരം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ എതിരാളിയാകാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്. എന്നാല്‍ രാഷ്ട്രീയം തന്നെ വിടാനാണ് ഈശ്വരപ്പയുടെ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവോണില്‍ നിന്നും മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ശിക്കാരിപുരയില്‍ മകന്‍ ബിവൈ വിജയേന്ദ്ര മത്സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു സീറ്റില്‍ മത്സരിക്കും.
സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ നിന്നും യെദ്യൂരപ്പ ഇറങ്ങിപ്പോന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെന്നാണ് യെദ്യൂരപ്പ പറഞ്ഞതെങ്കിലും അതൃപ്തിയെ തുടര്‍ന്നാണ് യെദ്യൂരപ്പ തിരിച്ചുപോന്നതെന്നാണ് സൂചനകള്‍. യെദ്യൂരപ്പ മുമ്‌ബോട്ടുവെച്ച 30 പേരുടെ പട്ടിക അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് യെദ്യൂരപ്പ് പെട്ടെന്ന് തിരിച്ചുപോന്നതെന്നാണ് കേള്‍ക്കുന്നത്.
പുതുമുഖങ്ങള്‍ക്ക് പുറമേ 32 പേര്‍ ഒബിസിയും 32 പേര്‍ പട്ടികജാതിക്കാരും 16 പേര്‍ പട്ടികവര്‍ഗത്തില്‍ നിന്നുള്ളവര്‍ക്കുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയായിരുന്നു ബിജെപി കരുത്തുകാട്ടിയത്. മെയ് 10നാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. കോണ്‍ഗ്രസ് 166 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് !പ്രചരണം തുടങ്ങിക്കഴിഞ്ഞു.