സംസ്ഥാനത്ത് ഭൂമിക്ക് പാട്ടക്കുടിശിക: തിരികെ ഏറ്റെടുക്കാന്‍ നടപടിയില്ല: സമിതി രൂപീകരിച്ചത് നനഞ്ഞ പടക്കമായി

0 second read
Comments Off on സംസ്ഥാനത്ത് ഭൂമിക്ക് പാട്ടക്കുടിശിക: തിരികെ ഏറ്റെടുക്കാന്‍ നടപടിയില്ല: സമിതി രൂപീകരിച്ചത് നനഞ്ഞ പടക്കമായി
0

ഇടുക്കി: സംസ്ഥാനത്ത് പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമികളില്‍ കുടിശിക വരുത്തിയവ ഏറ്റെടുക്കുന്നതിന് നടപടിയില്ല. ഇത്തരം ഭൂമികളുടെ വിവരശേഖരണം നടത്തുന്നതിനും കേസുകള്‍ നടത്തുന്നതിനുമായി 2017 ല്‍ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയമ സെക്രട്ടറി, ജോയിന്റ് കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. പിന്നാലെ ധനകാര്യ സെക്രട്ടറിയെയും ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചുവെങ്കിലും സമിതി നനഞ്ഞ പടക്കമായിയെന്നാണ് ആക്ഷേപം.

സമയാസമയങ്ങളില്‍ യോഗം ചേര്‍ന്ന് പാട്ട കുടിശിക വരുത്തിയ ഭൂമികളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ കാര്യാലയത്തില്‍ പാട്ടം സംബന്ധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ലീസ് മിഷന്‍ എന്ന പേരില്‍ ഒരു സെല്‍ രൂപീകരിച്ചിരുന്നു. പാട്ടം നല്‍കിയിട്ടുള്ള മുഴുവന്‍ കേസുകളുടെയും പട്ടിക ജില്ലാ കലക്ടര്‍മാര്‍ മുഖാന്തിരം സെല്‍ ശേഖരിച്ചിരുന്നു. പാട്ടം സംബന്ധിച്ച കേസുകള്‍ വിശദമായി പരിശോധിച്ച് പാട്ട കക്ഷികള്‍ക്ക് നിയമാനുസൃത നോട്ടീസ് നല്‍കി സമയബന്ധിതമായി നേരില്‍ കേട്ട് പാട്ട കുടിശിക ഈടാക്കുന്നതിനും പുതുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിരുന്നുവെങ്കിലും ഇത് ജലരേഖയായി മാറി.

കുടിശിക അടയ്ക്കാനും പുതുക്കാനും വിമുഖത കാണിക്കുന്നവരുടെ പാട്ടം റദ്ദ് ചെയ്ത ഭൂമി തിരികെ കക്ഷികളില്‍ നിന്നും പിടിച്ചെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനും കുടിശിക റവന്യൂ റിക്കവറി നടപടികളിലൂടെ പിരിച്ചെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും 2018 ല്‍ ഉത്തരവിറങ്ങിയെങ്കിലും അതും നടപ്പായില്ല.

അനധികൃത നിര്‍മ്മാണങ്ങളും വ്യാപകം

ഏലം കൃഷിക്കായി പാട്ടത്തിന് നല്കിയ ഭൂമിയില്‍ ചട്ടവിരുദ്ധമായി കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളും തകൃതി. വണ്ടന്മേട്, പാമ്പാടുംപാറ, ചക്കുപള്ളം, ആനവിലാസം മേഖലകളിലാണ് കുത്തക പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് വ്യാപകമായി കെട്ടിടങ്ങളും വാണിജ്യ കേന്ദ്രങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നത്. പാട്ടമായി നല്കുന്ന ഭൂമിയില്‍ ഏലം കൃഷിക്ക് പുറമെ ഏലയ്ക്കാ ഉണക്കുന്നതിനും സൂക്ഷിക്കുന്നതിനും മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാവുവെന്ന ചട്ടം മറികടന്നാണ് അനധികൃത നിര്‍മ്മാണങ്ങള്‍.

കുത്തകപാട്ട ഭൂമിയില്‍ ചട്ട ലംഘനം നടത്തിയ ഒരാള്‍ക്ക് ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാര്‍ കുടിയിറക്ക് നോട്ടീസ് നല്‍കിയിരുന്നു. കുത്തക പാട്ട വ്യവസ്ഥ ലംഘിച്ചതായി കാട്ടിയാണ് നടപടിക്ക് മുന്നോടിയായുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍

റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത…