തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇനി അതിനും നികുതി കൂട്ടുമോ എന്ന സംശയമാണ് പ്രതിപക്ഷത്തിന്.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി. ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി. പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞത്. 27 നാണ് വീണ്ടും ചേരുക.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ എം എല്‍ എ ഹോസ്റ്റലില്‍ നിന്നും കാല്‍നടയായിട്ടാണ് നിയമസഭയില്‍ എത്തിയത്.
അഹങ്കാരം പിടിച്ച സര്‍ക്കാരാണിതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരം. സമരത്തോട് സര്‍ക്കാരിന് പുച്ഛമാണ്. നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്‍. എല്ലാം അദ്ദേഹം മറന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ജനങ്ങളോട് സര്‍ക്കാരിന് പുച്ഛമാണ്. ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് വച്ചു പൊറുപ്പിക്കാനാകില്ല. പ്രതിപക്ഷത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന് പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, സഭയ്ക്ക് മുന്നില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ജില്ലാ തലത്തില്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ പ്രതിപക്ഷ പ്രതിഷേധം പല ജില്ലകളിലും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടിയത്.