
പത്തനംതിട്ട: ശബരിമല വനമേഖയില്‍ ആദിവാസി ഊരില്‍ മൂന്നു വയസുകാരനെ വന്യജീവി ആക്രമിച്ചു. പുലിയാണ് ആക്രമിച്ചതെന്നും തങ്ങള്‍ കണ്ടുവെന്നും രക്ഷിതാക്കള്‍ തറപ്പിച്ചു പറയുമ്പോള്‍ ഈ വിവരം സ്ഥിരീകരിക്കാന്‍ വനപാലകര്‍ തയാറാകുന്നില്ല.
ചാലക്കയം വെള്ളാച്ചിമലയിലെ ആദിവാസി ഊരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്നിനാണ് ഉറക്കത്തിലായിരുന്ന കുട്ടിയെ വന്യജീവി ആക്രമിച്ചത്. ഭാസ്‌കരന്റെ മകന്‍ സുബീഷി(മൂന്ന്) നാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പുലിയാണ് ആക്രമിച്ചതെന്ന് രക്ഷിതാക്കള്‍ തറപ്പിച്ചു പറയുമ്പോള്‍ കാട്ടുപൂച്ചയാകുമെന്ന നിലപാടിലാണ് വനംവകുപ്പ് അധികൃതര്‍. കൂടുതല്‍ അന്വേഷിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസും വനം വകുപ്പും. കുട്ടിയെ പുലി ആക്രമിക്കുന്നത് കണ്ടുവെന്ന് പിതാവ് ഭാസ്‌കരന്‍ പറയുന്നു.