മുറിഞ്ഞകല്‍ പാക്കണ്ടത്ത് വീണ്ടും പുലിയുടെ ആക്രമണം: രണ്ട് ആടിനെ കൊന്നു: വനപാലകര്‍ കൂട് സ്ഥാപിച്ചു

0 second read
Comments Off on മുറിഞ്ഞകല്‍ പാക്കണ്ടത്ത് വീണ്ടും പുലിയുടെ ആക്രമണം: രണ്ട് ആടിനെ കൊന്നു: വനപാലകര്‍ കൂട് സ്ഥാപിച്ചു
0

കോന്നി: മുന്‍പ് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന മുറിഞ്ഞകല്‍ പാക്കണ്ടം മേഖലയില്‍ വീണ്ടും ആക്രമണം. ഇത്തവണ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. കൂടല്‍ മുറിഞ്ഞകല്‍ പാക്കണ്ടം വള്ളിവിളയില്‍ രണേന്ദ്രന്റെ തൊഴുത്തില്‍ നിന്നിരുന്ന രണ്ട് ആടുകളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഒന്നിനെ കടിച്ചു കൊന്നു അവിടെ തന്നെ ഇട്ടു. മറ്റൊന്നിനെ വലിച്ചിഴച്ച് കൊണ്ടു പോയതായി കരുതുന്നു.

മാസങ്ങള്‍ക്കു മുന്‍പ് രണേന്ദ്രന്‍ ആടുകളെ സമീപത്തെ ഫാത്തിമ തോട്ടത്തില്‍ മേയാന്‍ വിട്ടപ്പോള്‍ പുലി പിടിച്ചിരുന്നു. അവിടെ വെച്ച് തന്നെ പാക്കണ്ടം അശ്വതി ഭവനില്‍ പവിന്‍ കുമാറിന്റെ മൂരിക്കിടാവിനെയും മുരുകന്റെ ആടുകളെയും പുലി കൊന്നു തിന്നു. കൂട്ടത്തോടെ പുലിയെത്തുന്നുവെന്ന് അറിഞ്ഞിട്ടും വനം വകുപ്പിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തു നിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡാണിത്. പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. വനപാലകര്‍ രണേന്ദ്രന്റെ വീട്ടിലെത്തി തൊഴുത്തും കൊല്ലപ്പെട്ട ആടിനെയും പരിശോധിച്ചു. ആക്രമിച്ചത് പുലി തന്നെയാണെന്ന നിഗമനത്തിലാണ് വനപാലകര്‍. സ്ഥലത്ത് വനം വകുപ്പ് കൂടും സ്ഥാപിച്ചു. പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോന്നി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ആണ് കൂടു സ്ഥാപിച്ചത്.

ഈ മേഖലയില്‍ പുലിയെ പിടികൂടാനുള്ള രണ്ടാമത്തെ കൂടാണ് സ്ഥാപിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇഞ്ചപ്പാറ വെള്ളമൊഴുകും പാറയില്‍ ബാബുവിന്റെ വീട്ടിലെ പശുക്കിടാവിനെയും ആടിനെയും പുലി തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പുലി കൂട്ടമായി വന്നത് കണ്ടവരുണ്ട്. ഇതേ തുടര്‍ന്നാണ് ഇവിടെ കൂട് സ്ഥാപിച്ചതെങ്കിലും പുലിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിന് എതിര്‍വശത്താണ് ഇപ്പോള്‍ പുലിയിറങ്ങിയ പാക്കണ്ടം മേഖല.

ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി, മുറിഞ്ഞകല്‍, നെടുമണ്‍കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ പുലി സാന്നിധ്യം ഉണ്ടാകുകയും വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ട് ഒന്നര വര്‍ഷത്തിലേറെയായതായും വനപാലകര്‍ ഇതിനെ പിടികൂടുന്നതിനോ, ഉള്‍കാട്ടിലേക്ക് തിരികെയാക്കാനോ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഇടയ്ക്കിടെ പുലിയുടെ സാന്നിധ്യവും, ആക്രമണവും ഉണ്ടാകാന്‍ ഇടയാക്കിയിട്ടുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…