
റാന്നി: ഇടവേളക്ക് ശേഷം പെരുനാട്ടില്‍ പുലി ഇറങ്ങിയതായി അഭ്യുഹം. മണക്കയം ബിമ്മരം കോളനിയില്‍ രാത്രിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ ആക്രമിച്ചു കൊന്നതായി നാട്ടുകാര്‍ പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രണ്ടു ദിവസം മുമ്പും മുറിത്താനിക്കല്‍ അമ്പലത്തിന്റെ ഭാഗത്ത് തോട്ടം തൊഴിലാളികള്‍ പുലിയെ കണ്ടതായി പറയുന്നു.
ബിമ്മരം കോളനിയിലും മണക്കയത്തും തെരുവ് വിളക്കുകള്‍ വര്‍ഷങ്ങളായിട്ട് കത്തുന്നില്ല ആയതിനാല്‍ രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. തോട്ടം തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഈ സ്ഥലങ്ങളില്‍ വെളുപ്പിന് ജോലിക്ക് പോകുന്ന ആളുകളാണ് കൂടുതലുള്ളത്.
എന്നാല്‍ പുലിപ്പേടിയില്‍ ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ അവര്‍ വന്നു നോക്കി അന്വേഷിക്കാം എന്ന് പറഞ്ഞു തിരിച്ചു പോവുകയാണ് പതിവ്.
തങ്ങള്‍ക്ക് സ്വസ്ഥമായി ജോലിക്ക് പോകുവാനും ജീവിക്കാനും ഉള്ള അവസരം ഒരുക്കി തരണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി തവണ വിവരമറിയിച്ചിട്ടും ഈ വഴിക്കോട്ട് തിരിഞ്ഞു നോക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.