പത്തനംതിട്ട: നിരന്തരം വഴക്കു പറയുന്നെന്ന വിരോധത്താല്‍ വയോധികയായ വീട്ടമ്മയെ കോടാലിക്കൈകൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് 4 കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജാര്‍ഖണ്ഡ് സഹേബ്ഗഞ്ച് ബര്‍മസിയ, ദോരായ്‌സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകള്‍ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്.
2018 ഡിസംബര്‍ 26 പകല്‍ 11.30 നും ഒന്നരയ്ക്കുമിടയിലാണ് സംഭവം. കോയിപ്രം പുല്ലാട് മുട്ടുമണ്‍ മേലത്തേതില്‍ പിഎസ് ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (77) ആണ് യുവതിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. കോയിപ്രം എസ്‌ഐ ആയിരുന്ന കെ എസ് ഗോപകുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് അന്വേഷണം പൂര്‍ത്തിയാക്കി 2019 മാര്‍ച്ച് 28 ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മറിയാമ്മ നിരന്തരം വഴക്ക് പറയുന്നു എന്ന വിരോധം കാരണം, പ്രതി കോടാലി കൈ കൊണ്ട് തലയിലും കൈകാലുകളിലും മര്‍ദ്ദിച്ച് ഗുരുതരമായ പരുക്കേല്‍പ്പിക്കുകയായിരുന്നു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന്, ബിലീവേഴ്‌സ് ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞുവരവേ, മറിയാമ്മ ജോര്‍ജ്ജ് മരിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്ധ്യ ടി. വാസു ഹാജരായി.