
പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ പുതിയ മോട്ടോര്‍നയം ഉപയോഗപ്പെടുത്തിയെടുക്കുന്ന നാഷണല്‍ പെര്‍മിറ്റുമായി സ്വകാര്യ ബസുകള്‍ ദീര്‍ഘ ദൂര സര്‍വീസുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഭീഷണി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക്.
സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. കെ.എസ്.ആര്‍.ടി.സി കുത്തകയാക്കിയിരുന്ന അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ പുതിയ സര്‍വീസുകളുമായി രംഗത്തെത്തിയത്. സമീപകാലത്ത് കെ.എസ്.ആര്‍.ടി.സി പുതിയ ദീര്‍ഘദൂര സര്‍വീസുകളുമായി പച്ച പിടിച്ചു നില്‍ക്കുന്ന മലയോര റൂട്ടുകളിലൂടെയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് പെര്‍മിറ്റുകളേറെയും വരുന്നത്. കേന്ദ്ര നയത്തിലെ പഴുതും സുപ്രീംകോടതി ഉത്തരവുകളുടെ പിന്‍ബലവുമാണ് സ്വകാര്യ ബസുകള്‍ നാഷണല്‍ പെര്‍മിറ്റിന്റെ പിന്‍ബലത്തില്‍ അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കെത്തിയത്. പത്തനംതിട്ടയില്‍ നിന്നു കോയമ്പത്തൂരിലേക്ക് പുതിയ സര്‍വീസ് തുടങ്ങിക്കൊണ്ടാണ് സ്വകാര്യബസുകള്‍ അന്തര്‍ സംസ്ഥാന റൂട്ടില്‍ പരീക്ഷണം ആരംഭിച്ചത്.
എന്നാല്‍ ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി രംഗത്തെത്തിയതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇടപെട്ട് താത്കാലിക വിലക്ക് കൊണ്ടു വന്നിരുന്നു. ഇത് മറികടന്ന് സര്‍വീസ് പുനരാരംഭിക്കാനും കൂടുതല്‍ റൂട്ടുകളില്‍ ബസ് നിരത്തിലിറക്കാനും സ്വകാര്യബസുടമകളുടെ ആലോചന. ഇതിനായുള്ള അപേക്ഷയുമായി അവര്‍ മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചിട്ടുണ്ട്. പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞാല്‍ വിവിധ സംസ്ഥാനങ്ങളുടെ നികുതിക്കുരുക്കില്‍പെടാതെ രാജ്യത്തെവിടെയും സര്‍വീസ് നടത്താന്‍ സ്വകാര്യബസുകള്‍ക്കാകും.
പുനര്‍നിര്‍മാണം പൂര്‍ത്തിയായ പി.എം റോഡിലൂടെ മലബാര്‍ മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച പല ദീര്‍ഘദൂര ബസുകളും ലാഭത്തില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ ഇതേ റൂട്ടുകളില്‍ ബദല്‍ സര്‍വീസിനൊരുങ്ങുന്നത്.