അടൂര്‍: കുന്നത്തൂര്‍ക്കര ഭഗവതിതറ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഏറത്ത് മണക്കാല തുവയൂര്‍ വടക്ക് നേടിയകാല പുത്തന്‍ വീട്ടില്‍ രതീഷി(38)നെയാണ് പോലീസ് പിടികൂടിയത്. ജൂണ്അവസാന ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്ത് മണിക്കും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയം ക്ഷേത്രത്തിനു മുന്നിലുള്ള കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തിനു മുന്നിലെ സി.സി.ടി.വി ക്യാമറകള്‍ക്ക് കേടുപാട് വരുത്തിയ ശേഷമായിരുന്നു മോഷണം.
പോലീസ് സമീപ സ്ഥലങ്ങളിലെയും ക്ഷേത്രത്തിലെയും കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം വഞ്ചിമുക്കില്‍ സ്ഥാപിച്ച കാണിക്ക മണ്ഡപത്തിന്റെ ഗ്രില്‍ പൊട്ടിച്ച് അതിനുളളില്‍ വച്ചിരുന്ന വഞ്ചിയുടെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും സമ്മതിച്ചു. തുവയൂര്‍ നാഗരാജ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ്.ഐ. എം. മനീഷ്, സി.പി.ഓമാരായ സൂരജ്, നിസാര്‍ മൊയ്തീന്, ശ്യാം കുമാര്‍ എന്നിവരാണുള്ളത് .തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.