
അടൂര്‍: കെപി റോഡില്‍ പറക്കോടിന് സമീപം തമിഴ്‌നാട്ടില്‍ നിന്നും പേപ്പര്‍ റോളും കയറ്റി വന്ന ലോറി മറിഞ്ഞ് ഗതാഗത തടസം. പുലര്‍ച്ചെ ആറോടെ ടി.ബി ജങ്ഷന് സമീപം ഉള്ള പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ലോറി റോഡിന് കുറുകേ മറിയുകയായിരുന്നു. ചങ്ങനാശേരി ഏഞ്ചല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
തമിഴ്‌നാട് സ്വദേശിയായ കുമരവേല്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ചെറിയ പരിക്കുപറ്റിയ ഡ്രൈവറെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നും ചേര്‍ത്തലയിലെ കമ്പനിയിലേക്ക് കൊണ്ടുപോയ പേപ്പര്‍ റോളുകള്‍ ആയിരുന്നു വാഹനത്തിനുള്ളില്‍. മറ്റൊരു വാഹനം കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ച് പേപ്പര്‍ റോളുകള്‍ മാറ്റിയ ശേഷമാണ് വാഹനം ഉയര്‍ത്തി റോഡ് ബ്ലോക്ക് പൂര്‍ണമായി മാറ്റിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.