പത്തനംതിട്ട: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ ഡാമുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നു. പദ്ധതിയുടെ ഭാഗമായ കക്കി, ആനത്തോട്, പമ്പ ഡാമുകളിലെ ജലനിരപ്പ് നിലവില്‍ 10 % മാത്രമാണ്. ജലനിരപ്പ് അഞ്ചു ശതമാനം ആകുന്നത് വരെ വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെങ്കിലും ഒരാഴ്ച്ചയ്ക്കകം ശക്തമായ മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉത്പ്പാദനം നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ജില്ലയില്‍ മറ്റിടങ്ങളില്‍ വേനല്‍മഴ ശക്തമായി ലഭിച്ചിരുന്നെങ്കിലും ശബരിഗിരി പദ്ധതിയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ നാമമാത്രമായി മാത്രമാണ് ലഭിച്ചത്. ജൂണ്‍ പകുതി പിന്നിട്ടപ്പോഴും ഇടവപ്പാതി മഴ എത്താതെ വന്നതോടെയാണ് സംസ്ഥാനത്തെ മറ്റ് ജലസംഭരണികളിലേതിന് സമാനമായി ശബരിഗിരി പദ്ധതിയുടെ ഡാമുകളിലും ജലനിരപ്പ് ആശങ്കാജനകമായ അവസ്ഥയില്‍ താഴ്ന്നു നില്‍ക്കുന്നത്.