റാന്നി ഇട്ടിയപ്പാറയില്‍ ധാന്യ മില്ലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു:  ഉടമയടക്കം മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

1 second read
Comments Off on റാന്നി ഇട്ടിയപ്പാറയില്‍ ധാന്യ മില്ലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു:  ഉടമയടക്കം മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
0

റാന്നി: ധാന്യമില്ലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. യന്ത്രസാമഗ്രികള്‍ കത്തി നശിച്ചു. ഉടമയടക്കം മൂന്നു പേര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 ന് ഇട്ടിയപ്പാറ- ഐത്തല റോഡില്‍ മൂഴിക്കല്‍ ബില്‍ഡിങ്‌സില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ധാന്യം പൊടിക്കുന്ന മില്ലിലാണ് സ്‌ഫോടനം ഉണ്ടായത്. ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ മില്ലില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായത് കാരണം ജീവഹാനി ഉണ്ടായില്ല.

ഉടമ മാത്യു സാമുവലിനും ജീവനക്കാരന്‍ സുനിലിനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. ഉടമയെ റാന്നി സ്വകാര്യ ആശുപത്രിയിലും ജീവനക്കാരനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ഉഗ്രശബ്ദത്തോടു കൂടി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ ആളിപ്പടര്‍ന്നു. മില്ലിന് പുറത്തേക്കും തീ പടര്‍ന്നു. തീ ഗോളങ്ങള്‍ കൊണ്ട് മില്ലില്‍ ഉണ്ടായിരുന്ന മെഷിനുകളും മോട്ടോറും വിഴുങ്ങി. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് തീ അണച്ചത്.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ കട ഉടമ സുധികുമാര്‍ ശബ്ദം കേട്ട് ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വന്‍ അപകടം ഒഴിവാക്കി. മില്ലില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ രണ്ടും ഒരുപാട് പഴക്കം ചെന്നവയും തുരുമ്പ് പിടിച്ച അവസ്ഥയിലും ആയിരുന്നു. വ്യാപിക്കാന്‍ സാധ്യതയുണ്ടായിരുന്ന തീ നാട്ടുകാരുടെയും സമീപത്തെ കടക്കാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സമയോചിത ഇടപടല്‍ മൂലം വന്‍ അപകടം ഒഴിവായി. വിവരമറിഞ്ഞ് എംഎല്‍എ പ്രമോദ് നാരായണന്‍, പഞ്ചായത്ത് പ്രസിഡണ്ട് അനിത അനില്‍കുമാര്‍, ഡിസിസി അംഗം റിങ്കു ചെറിയാന്‍ തുടങ്ങി നിരവധി ആളുകള്‍ സ്ഥലത്തെത്തി.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…