കോന്നി: ഇത് അമ്പിളിയുടെ മധുര പ്രതികാരം. ഒപ്പം ഭാഗ്യത്തിന്റെ പിന്തുണയും. കൂറുമാറ്റി കൊണ്ടു വന്നയാളെ കൊണ്ട് ഭരണം പിടിച്ച സിപിഎമ്മിന് തിരിച്ചടി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് തിരികെ പിടിച്ചപ്പോള്‍ സിപിഎം പരീക്ഷണം പാളി.
13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറും സീറ്റുകള്‍ വീതമാണുണ്ടായിരുന്നത്. ആദ്യം പ്രസിഡന്റായത് കോണ്‍ഗ്രസിലെ തണ്ണിത്തോട് ഡിവിഷനില്‍ നിന്നുള്ള എം.വി അമ്പിളി. യുഡിഎഫിലെ കോണ്‍ഗ്രസ് അംഗമായിരുന്ന ഇളകൊള്ളൂര്‍ ഡിവിഷന്‍ പ്രതിനിധി ജിജി സജിയെ ചാക്കിട്ടു പിടിച്ച് മറുകണ്ടം ചാടിച്ച് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വന്നു. ജിജിയുടെ പിന്തുണയോടെ അമ്പിളി പുറത്ത്. കൂറുമാറിയെത്തിയ ജിജിയെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചു. പ്രസിഡന്റ് കസേരയില്‍ വെറും ഏഴു മാസം മാത്രമാണ് അമ്പിളിക്ക് ഇരിക്കാനായത്. പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജിജി സജിയെ അയോഗ്യയാക്കി. ഇതോടെ പ്രസിഡന്റ് സ്ഥാനവും പോയി. കക്ഷി നില തുല്യമായി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.വി.അമ്പിളിയുടെ പേര് വകയാര്‍ ഡിവിഷന്‍ അംഗം ദേവകുമാര്‍ നിര്‍ദേശിച്ചു. മൈലപ്ര ഡിവിഷന്‍ അംഗം എല്‍സി ഈശോ പിന്താങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തുളസീ മണിയമ്മയുടെ പേര് വര്‍ഗീസ് ബേബി നിര്‍ദ്ദേശിച്ചു. നീതു ചാര്‍ളി പിന്താങ്ങി. ഇരുവര്‍ക്കും തുല്യ വോട്ടു വന്നതോടെ വരണാധികാരി നറുക്കെടുപ്പിലേക്ക് നീങ്ങി. ഭാഗ്യം തുണച്ചത് അമ്പിളിയെ.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴം രാവിലെ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറിയായിരുന്നു വരണാധികാരി. അയോഗ്യയായ ജിജി സജിയുടെ ഇളകൊള്ളൂര്‍ ഡിവിഷനില്‍ അഞ്ച് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. ഇരു മുന്നണികള്‍ക്കും ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്.
കുതിരക്കച്ചവടത്തിലൂടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച ഇടതുപക്ഷ മുന്നണിക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിലെ എം.വി. അമ്പിളി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിലെ ഒരംഗത്തെ അധാര്‍മ്മീകമായ മാര്‍ഗത്തിലൂടെ എല്‍.ഡി.എഫില്‍ എത്തിച്ച് ഭരണം നേടിയ സിപിഎമ്മിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അയോഗ്യതാ വിധിയിലൂടെ മുഖം നഷ്ടപ്പെട്ടു.
യു.ഡി.എഫ് അംഗം വീണ്ടും പ്രസിഡന്റായതോടു കൂടി അവരുടെ മുഖം കൂടുതല്‍ വികൃതമായെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എസ്.വി പ്രസന്നകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആര്‍. ദേവകുമാര്‍, ദീനാമ്മ റോയി, മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രവീണ്‍ പ്ലാവിളയില്‍, എല്‍സി ഈശോ, കെ.ആര്‍ പ്രമോദ്, ശ്രീകല എസ്. നായര്‍, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ശ്യാം എസ്. കോന്നി, രാജീവ് മള്ളൂര്‍, സുലേഖ. വി. നായര്‍, ജോയല്‍ മുക്കരണത്ത്, പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, എം.കെ മനോജ്, ആനന്ദവല്ലിയമ്മ, ബിജു വട്ടക്കുളഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.