ഒരുപാട് കടമ്പകള്‍ താണ്ടി ഓ.ടി.ടിയില്‍ എത്തിയ കള്ളനും ഭഗവതിയും ആമസോണ്‍ പ്രൈമില്‍ വന്‍ വിജയമായി സ്ട്രീമിംഗ് തുടരുന്നു.ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആയിരുന്നു നായകന്‍. നായികയായി ബംഗാളി താരം മോക്ഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.
ഒരു രാത്രി ദൈവം മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍…അതും… ഒരു പെരുങ്കള്ളന്റെ മുമ്പില്‍ !!! രസകരമായ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘ കള്ളനും ഭഗവതിയും എന്ന സിനിമ. സമകാലിക വിഷയങ്ങളെ ശുദ്ധഹാസ്യത്തിന്റെ മോമ്പൊടിയില്‍ ചാലിച്ച് അവതരിപ്പിച്ച കള്ളനും ഭഗവതിയും
തീയറ്ററുകളില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിശേഷണമാണ് പ്രേക്ഷക ലക്ഷങ്ങള്‍ ചിത്രത്തിന് നല്‍കിയത്. തീയറ്ററുകളില്‍ ചിത്രം കണ്ടവരും കാണാന്‍ കഴിയാതെ പോയവരും ഇത്രയും നാള്‍ കാത്തിരുന്നത് ചിത്രത്തിന്റെ ഓടിടി
റിലീസിന് വേണ്ടിയാണ്. ആ കാത്തിരിപ്പിന് അവസാനം അമ്പരപ്പിക്കുന്ന വിജയമാണ് കള്ളനും ഭഗവതിയും നേടിയിരിക്കുന്നത്.
മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ഒരല്പം വൈകി ആണെങ്കിലും ദൈവം നമ്മുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടും എന്ന് സിനിമയില്‍ ഭഗവതി പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന വിജയം. മാത്തപ്പന്‍ എന്ന കള്ളന്‍ ഒരു ക്രിസ്മസ് രാത്രിയില്‍ നടത്തുന്ന മോഷണത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്.
മോഷ്ടിച്ച ഭഗവതി വിഗ്രഹം ജീവന്‍ വച്ച് കള്ളന്‍ മാത്തപ്പന്റെ കൂടെ കൂടുന്നു.
അനുശ്രീ അവതരിപ്പിച്ച പ്രിയാമണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജീവിതത്തിലെ ദുഃഖങ്ങളെ ഒരു നേര്‍ത്ത ചിരിയോടെ നേരിടുന്ന പ്രിയാമണി അനുശ്രീയുടെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രം ആയിരുന്നു. ക്രിസ്മസ് രാത്രിയില്‍ പള്ളി സെമിത്തേരിയില്‍ വച്ച് പ്രിയാമണിയെ അവിചാരിതമായി കണ്ടുമുട്ടുന്നതാണ് മാത്തപ്പന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയി മാറുന്നത്. മാത്തപ്പന്റെ കൂട്ടുകാരനും വക്രബുദ്ധിക്കാരനുമായ കള്ളന്‍ വല്ലഭനെ അവതരിപ്പിക്കുന്നത് ഹാസ്യരംഗങ്ങള്‍ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്ന രാജേഷ് മാധവന്‍ ആണ്. വല്ലഭന്‍ കൂടി എത്തുന്നതോടെ സിനിമ കൂടുതല്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്നു.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് ഒപ്പം കണ്ണുകളെ ഈറനണിയിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. ശക്തമായ സാമൂഹ്യ വിമര്‍ശനവും സമൂഹത്തിന് മികച്ച സന്ദേശവും നല്‍കുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.അനുശ്രീ,
ജോണി ആന്റണി, രാജേഷ് മാധവന്‍, അല്‍ത്താഫ്, ശ്രീകാന്ത് മുരളി, മാല പാര്‍വതി, ചേര്‍ത്തല ജയന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.
കഥ: കെ.വി അനില്‍, തിരക്കഥ, സംഭാഷണം: ഈസ്റ്റ്‌കോസ്റ്റ് വിജയന്‍, കെ.വി അനില്‍, ഛായാഗ്രഹണം: രതീഷ് റാം, എഡിറ്റര്‍: ജോണ്‍ കുട്ടി
സംഗീത സംവിധാനം രഞ്ജിന്‍ രാജ്.