
തേനി (തമിഴ്നാട്): കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ തേനിയിൽ വ്യാപാരത്തിന് എത്തിയയാളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നതായി പരാതി.പുപ്പാറ സ്വദേശി അൻസാരിക്കു നേരെയാണ് ആക്രമണമുണ്ടായത്.
അച്ചാർ കച്ചവടം ചെയ്തു വന്നിരുന്ന അൻസാരി ഇന്നലെ പുലർച്ചയോടെ തേനി പുതിയ ബസ് സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റേഷനിലേക്ക് നടന്നു പോവുന്നതിനിടെ ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപത്ത് വച്ച് നാലംഗ സംഘം തടഞ്ഞുവയ്ക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
പരിക്കേറ്റ അൻസാരിയെ യാത്രക്കാരുടെ സഹായത്തോടെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേനി പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.