ഡ്രൈഡേയില്‍ അനധികൃത വിദേശമദ്യവും ലഹരിയുല്‍പ്പന്നങ്ങളും വില്പന നടത്തി വന്നയാള്‍ പിടിയില്‍: അഞ്ചര ലിറ്റര്‍ മദ്യവും പുകയില ഉല്‍പന്നങ്ങളും പിടികൂടി

0 second read
0
0

കോഴഞ്ചേരി: അനധികൃത വിദേശമദ്യവും ലഹരിയുല്‍പ്പന്നങ്ങളും വില്പന നടത്തിവന്നയാളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള ഇലന്തൂര്‍ ചെമ്പകത്തില്‍ പടി കൈതോട്ടമലയില്‍ അജിത്ത് വര്‍ഗീസ് (41) ആണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി വിദേശമദ്യവും നിരോധിത പുകയിലഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചു വച്ച ഇയാള്‍ മദ്യക്കച്ചവടം നടത്തിവരവേയാണ് പിടിയിലായത്. 500 മില്ലി കൊള്ളുന്ന 11 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും, 17 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സും പോലീസ് പിടിച്ചെടുത്തു. പ്രതി വീട്ടില്‍ മദ്യ കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നിര്‍ദേശപ്രകാരം പെട്രോളിങ് സംഘമാണ് പരിശോധന നടത്തി ഇന്നലെ വൈകിട്ട് അഞ്ചോടെ ഇവ പിടിച്ചെടുത്തത്.

പ്രതിക്കെതിരെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളും അനധികൃത വിദേശമദ്യവും വിറ്റതിനു 2022, 24 വര്‍ഷങ്ങളിലായി 4 അബ്കാരി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മൂന്നു കേസുകള്‍ പത്തനംതിട്ട എക്‌സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതും, ഒരെണ്ണം ആറന്മുള പോലീസ് എടുത്തതുമാണ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ ഇത്തരം പരിശോധനകളും പോലീസ് നടപടിയും തുടര്‍ന്നുവരികയാണ്.

ഇന്നലെ പട്രോളിംഗിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ ആസൂത്രിതനീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്. വൈകിട്ട് 4.45 ന് ഇയാളുടെ വീടിനു സമീപത്ത് എത്തുമ്പോള്‍, വീടിനു മുന്നിലെ റോഡില്‍ രണ്ടുപേര്‍ നില്‍ക്കുന്നതും, ഒരാള്‍ രണ്ടാമന് കുപ്പി കൈമാറിയശേഷം പണം പോക്കറ്റില്‍ നിക്ഷേപിക്കുന്നതും പോലീസ് കണ്ടു. വാഹനം നിര്‍ത്തി ഇറങ്ങുമ്പോഴേക്കും കുപ്പി വാങ്ങിയയാള്‍ ഓടിരക്ഷപ്പെട്ടു. അജിത്ത് വര്‍ഗീസിനെ തടഞ്ഞുനിര്‍ത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ മദ്യം വില്‍ക്കുകയായിരുന്നുവെന്നും, കിടങ്ങന്നൂര്‍ ബീവറേജസ് ഷോപ്പില്‍ നിന്നാണ് വാങ്ങിയതെന്നും സമ്മതിച്ചു. എല്ലാമാസവും ഒന്നാം തിയതി മാത്രമാണ് താന്‍ മദ്യക്കച്ചവടം നടത്താറുള്ളൂവെന്നും, മദ്യം വാങ്ങിക്കൊണ്ടുപോയ ആളെ അറിയില്ലെന്നും വെളിപ്പെടുത്തി.

കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീടിനു സമീപം മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് സംഘം വീടിന് സമീപത്തുനിന്നും കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഹാന്‍സും പിടിച്ചെടുത്തത്. ടാര്‍പ്പാളിന്‍ മൂടിയിട്ട തടികള്‍ക്കടിയില്‍ സൂക്ഷിച്ചനിലയില്‍ മദ്യവും മറ്റും കണ്ടെത്തുകയായിരുന്നു. മദ്യക്കച്ചവടം നടത്തിയ ഇനത്തില്‍ 1300 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. തുടര്‍ന്ന്, 5 മണിക്ക് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് സംഘത്തില്‍ എസ് ഐമാരായ
ഹരീന്ദ്രന്‍, വിനോദ് പി മധു, എ എസ് ഐ രാജേഷ് , എസ് സി പി ഓമാരായ അനില്‍ , ഉമേഷ്, രമ്യത് പി രാജന്‍, സുനില്‍, ശരത് , സി പി ഓമാരായ മനു , ശ്രീജിത്ത്, സല്‍മാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓടിളക്കി വീട്ടില്‍ കയറി സാഹസിക ബലാല്‍സംഗം: പതിനേഴുകാരിയെ പീഡിപ്പിച്ചതിന് ഇന്‍സ്റ്റാഗ്രാം കാമുകന്‍ അറസ്റ്റില്‍

കോയിപ്രം: അടുപ്പത്തിലായ പതിനേഴു തികയാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സ…