
അടൂര്‍: സ്‌കൂട്ടര്‍ ഡിവൈഡറില്‍ ഇടിച്ച് പിതാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു മക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു. അടൂര്‍ പറന്തല്‍ ഇടക്കോട് ജീസസ് വില്ലയില്‍ തോമസ് ബെന്നി(45) ആണ് മരിച്ചത്. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബല്‍ തോമസ് ബെന്നി എന്നിവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കെ.പി.റോഡില്‍ അടൂര്‍ കരുവാറ്റ ജങ്ഷനിലുള്ള സിഗ്‌നലിനു സമീപം തിങ്കള്‍ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. പറന്തല്‍ ഭാഗത്തു കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യ ബ്ലെസിയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരുക്കേറ്റു കിടന്ന ഇവരെ നാട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു. അടൂര്‍ അഗ്‌നിരക്ഷാ സേനാനിലയത്തിനു സമീപം വഴിയോരത്ത് പഴക്കച്ചവടം നടത്തുന്നയാളായിരുന്നു തോമസ് ബെന്നി. ഭാര്യ: ബ്ലെസി. സംസ്‌കാരം പിന്നീട്.