പന്തളം: സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു. പൂഴിക്കാട് ചിറമുടിയില്‍ താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത(42)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് കൊല നടത്തിയത്. ഇയാള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സംശയ രോഗിയായ ഷൈജു അതിന്റെ പേരില്‍ സജിതയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പന്തളം സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സജിതയും ഷൈജുവും രണ്ടു വര്‍ഷമായി ചിറമുടിയില്‍ താമസിക്കുകയാണ്. ഇരുവരും നേരത്തേ വിവാഹിതരാണ്. സജിതയ്ക്ക് 19 വയസുള്ള മകനുണ്ട്. മൊബൈല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. ഇയാള്‍ വീട്ടില്‍ വരാറില്ല. ഷൈജുവും സജിതയും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷൈജുവിന് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.