സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ഗീര്‍വഗീസ് മാര്‍ കൂറിലോസ്: ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം: ആശാ പ്രവര്‍ത്തകരെ കീടങ്ങളായി കാണുന്നത് സമ്പന്നന്‍മാര്‍ക്കൊപ്പം നീങ്ങിയതിന്റെ ഫലം

0 second read
0
0

പത്തനംതിട്ട: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്ന നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടതു സഹയാത്രികനും യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ അധിപനുമായ ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ്.

തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഎം മുതലാളിത്ത പാര്‍ട്ടി ആയോ
എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യായമായ ആവശ്യത്തിനായി സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരോട് ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മറ്റി നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് ഊറ്റം കൊളളുന്ന സി.പി.എമ്മും
ഭരണ നേതൃത്വവും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ആശാ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. സമരം ചെയ്യുന്നവരെ കീടങ്ങളായി കാണുന്നത് സമ്പന്നന്‍മാര്‍ക്കൊപ്പം നീങ്ങിയതിന്റെ ഫലമാണ്. കോവിഡ് കാലത്ത് സൈന്യത്തെ പോലെ ജോലി ചെയ്ത ആശാപ്രവര്‍ത്തകര്‍ക്ക് ന്യായമായ ആനുകൂല്യം
സര്‍ക്കാര്‍ നല്‍കിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരംചെയ്യുന്ന ആശാവര്‍ക്കര്‍മാരെ കൃമി കീടങ്ങള്‍ എന്ന് അധിക്ഷേപിച്ച ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്ത് തൊഴിലാളി സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്? അധികാരികള്‍ എത്ര അധിക്ഷേപ വാക്കുകള്‍ പുലമ്പിയാലും ആശാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് പക്ഷം ഇപ്പോള്‍ മുതലാളി വര്‍ഗ്ഗത്തിന്റെ താത്പ്പര്യങ്ങള്‍ക്ക് മാത്രമാണ് നിലകൊള്ളുന്നത് എന്ന് സര്‍ക്കാരിന്റെ വികസന നയം കാണുമ്പോള്‍ തോന്നിപ്പോയാല്‍ കുറ്റം പറയാന്‍ കഴിയില്ല. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ന്യായമായതുകൊണ്ടാണ് എതിര്‍ക്കുന്നവരും ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്നത്. മൂന്ന് മാസത്തെ കുടിശിക തീര്‍ത്തതും നിബന്ധനകള്‍ ഒഴിവാക്കിയതുമായ തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ ആവശ്യങ്ങള്‍ ന്യായമായതുകൊണ്ട്തന്നെയാണ് സര്‍ക്കാര്‍ അവ അംഗീകരിച്ചത്. ബാക്കിയുള്ള ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ സമരം തീരും. തൊഴിലാളികള്‍ക്ക് ഇവിടെ നിന്ന് ലഭിക്കാനുള്ളത് ഇവിടെ നിന്നും ഡല്‍ഹിയില്‍ നിന്ന് ലഭിക്കാനുള്ളത് ഡല്‍ഹിയില്‍ നിന്നും ലഭിക്കണം. ആരെയും ശത്രുപക്ഷത്ത് നിര്‍ത്താനല്ല ആശമാരുടെ സമരം. സര്‍ക്കാരിന് എന്തിനാണീ ദുരഭിമാനം?

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈനികരെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളെ വിഴിഞ്ഞം പദ്ധതി വന്നപ്പോള്‍ വേണ്ടെന്നായി. ഏറ്റവും അവസാനത്തെ പരിഗണനയാണ് അവര്‍ക്ക് ലഭിച്ചത്. അതുപോലെ കോ വിഡ് കാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആശമാരെ ആരോഗ്യ രംഗത്തെത്ത കാലാള്‍പ്പട എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ആ കാലാള്‍പ്പടയെ നിന്ദിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ഒരു ഇടത് പക്ഷ പ്രസ്ഥാനത്തിനും ആ പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാരിനും ഭൂഷണമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മണ്ഡലം പ്രസിഡന്റ്
ജോമോന്‍ പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിലിഫ് അഞ്ചാനി, സെക്രട്ടറിമാരായ അനീഷ് ചക്കുങ്കല്‍, കൃഷ്ണദാസ്, കിടങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി, നാരങ്ങാനം മണ്ഡലം പ്രസിഡന്റ് ആര്‍. രമേശ്, ഇലന്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി മുകുന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, സി. വര്‍ഗീസ്, ചെറിയാന്‍ ഇഞ്ചക്കലോടി, ഹരീന്ദ്രനാഥന്‍ നായര്‍, ലത ചെറിയാന്‍, ആനി ജോസഫ്,ബാബു വടക്കേല്‍,ജോണ്‍ ഫിലിപ്പോസ്, സത്യന്‍ നായര്‍, ഫിലിഫ് വഞ്ചിത്ര, മോനിച്ചന്‍ കുപ്പയ്ക്കല്‍, സണ്ണി തൈക്കൂട്ടത്തില്‍, സുബിന്‍ നീറുംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചതിവ്….. വഞ്ചന…. ഇട്ട പോസ്റ്റിലെ വരികള്‍ മുക്കി മുന്‍ എംഎല്‍എ പത്മകുമാര്‍: താടിക്ക് കൈ കൊടുത്ത പടം മാത്രം ബാക്കി: വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് അതൃപ്തിക്ക് കാരണം: ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള…