കടപ്ര: സാധാരണ ജനങ്ങളുടെ ജീവന്‍ ബലി നല്‍കി ലാഭമുണ്ടാക്കാന്‍ വ്യഗ്രതപ്പെടുന്നവരെ അനുവദിക്കില്ലെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കുറീലോസ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കടപ്രയില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുറ്റിക്കാട്ട് ബിറ്റുമിന്‍ പ്ലാന്റ് പൂര്‍ണ്ണമായി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ മുന്‍കൈയില്‍ ജനകീയ സമര സമിതി പ്ലാന്റ് പടിക്കലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് സൃഷ്ടിക്കുന്ന വ്യാവസായിക മലിനീകരണം സാധാരണ ജനങ്ങള്‍ക്ക് രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രതിഷേധിക്കുന്ന ജനങ്ങളോട് പുകക്കുഴലിന്റെ ഉയരം കൂട്ടാമെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഇനി പറ്റിക്കാമെന്ന് കരുതണ്ട. പ്ലാന്റിന് സമീപ പ്രദേശത്തെത്തുന്ന ഏതൊരാള്‍ക്കും അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. ബിറ്റുമിന്‍ പ്ലാന്റ് ഉടമയ്ക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിറ്റുമിന്‍ പ്ലാന്റ് മലിനീകരണ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ ബിജു കുഴിയുഴത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. കെ എം തോമസ്, പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ പ്രസിഡന്റ് എസ് രാധാമണി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ദീപ ശ്രീജിത്ത്, കവി മധു ചെങ്ങന്നൂര്‍, റവ. ജെ മാത്യൂസ്, എസ് യു സി ഐ ജില്ലാ സെക്രട്ടറി ബിനു ബേബി, ഗ്രാമ പഞ്ചായത്തംഗം സി സി കുട്ടപ്പന്‍, അഡ്വ. ജസ്സി സജന്‍, റസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് സി റ്റി തോമസ്, കെ റെയില്‍ വിരുദ്ധ സമിതി വനിതാ കണ്‍വീനര്‍ ശരണ്യാ രാജ്, സമരസമിതി നേതാവ് രാജ്കുമാര്‍, പി ആര്‍ ശാര്‍ങധരന്‍ നായര്‍, കെ എം വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരീലമുക്കില്‍ നിന്ന് പ്ലാന്റ് പടിക്കലേക്ക് നടന്ന ബഹുജന മാര്‍ച്ചിന് സമര സമിതി നേതാക്കളായ ടൈറ്റസ് ചാക്കോ, ശ്രീകലാ ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.