തിരുവല്ല : കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കൾ 50ലധികം ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും, പിത്തള പറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്.
പോലീസും ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്. 50 കിലോയോളം തൂക്കം വരുന്ന കുത്തു വിളക്കും തൂക്ക് വിളക്കുകൾ അടക്കം ക്ഷേത്രത്തിൽ നിന്നും കടത്തിയതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത് എന്നാണ്എന്നാണ് പോലീസിന്റെ നിഗമനം. സാധനസാമഗ്രികൾ കൊണ്ടുപോകുവാൻ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായും പോലീസ് കണക്ക് കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടെ അഞ്ച് തവണയോളം ക്ഷേത്രത്തിൽ മോഷണം നടന്നതായി ക്ഷേത്ര ഉപദേശി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിൽ വാച്ചറെ നിയോഗിക്കുവാൻ ദേവസ്വം ബോർഡ് അധികൃതർ തയ്യാറാവണമെന്ന് ഭക്തജനങ്ങളുടെ ഭാഗത്തുനിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം ശക്തമാക്കുമെന്ന് തിരുവല്ലാ സിഐ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.