അടൂര്‍: ഏനാത്ത് കടികയില്‍ മകനെ കൊന്ന് പിതാവ് തൂങ്ങി മരിച്ചത് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വടക്കടത്തുകാവ് കല്ലും പുറത്ത് പടിപ്പുരയില്‍ മാത്യു പി. അലക്സ് (47), മൂത്ത മകന് മെല്വിന് മാത്യൂ (9) എന്നിവരാണ് മരിച്ചത്. ഏനാത്ത് കടികയിലെ വാടകവീട്ടില്‍ മെല്‍വിന്റെ മൃതദേഹം നിലത്തു വിരിച്ച ഷീറ്റിലും മാത്യുവിന്റേത് സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയ നിലയിലുമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
കനം കുറഞ്ഞ കയര്‍ ഉപയോഗിച്ച് മെല്‍വിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാത്യു തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ പ്രാഥമിക നിഗമനം. മൃതദേഹ പരിശോധനയില്‍ മെല്‍വിന്റെ ശരീരത്തില്‍ പുറമേ മുറിവുകളോ പാടോ കണ്ടെത്തിയിരുന്നില്ല. പിതാവിന്റെ മൃതദേഹം കണ്ട് മെല്വിന് കുഴഞ്ഞു വീണ് മരിച്ചുവെന്നും സംശയിച്ചിരുന്നു.
ഇളയമകന് ആല്വിന് രാവിലെ ഒമ്പതരയോടെ ഉറക്കം ഉണര്‍ന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആല്‍വിന്റെ നിലവിളികേട്ട് സമീപവാസികള്‍ എത്തുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. മാത്യൂവിന്റെ ഭാര്യ ആശ ജോലിക്കായി വിദേശത്താണ്. മാത്യൂ നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഏറെ നാളായി നാട്ടിലുണ്ട്. മെല്വിന് മാത്യൂ കിഴക്കുപുറം ഗവ.എച്ച്.എസ്.എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രണ്ടു മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മൃതദേഹ പരിശോധന റിപ്പോര്‍ട്ട് ഉപയോഗിച്ച് തുടരന്വേഷണം നടത്തുമെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വിവരമറിഞ്ഞ് മാത്യുവിന്റെ ഭാര്യ ആശ വിദേശത്ത് നിന്ന് നാട്ടിലെത്തിയി്ട്ടുണ്ട്.