മാവേലിക്കര ജയന്തി വധക്കേസ്: പ്രതി കുട്ടികൃഷ്ണന് വധശിക്ഷ കിട്ടിയത് സ്വന്തം മൊഴിയില്‍!

0 second read
0
0

മാവേലിക്കര: പ്രമാദമായ മാവേലിക്കര ജയന്തി കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് കുട്ടികൃഷ്ണന് വധശിക്ഷ ലഭിക്കുമ്പോള്‍ വലിയൊരു അപൂര്‍വതയുണ്ട്. പ്രതിയുടെ മൊഴി വാങ്ങി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിധി വന്നിരിക്കുന്നത്. ഇതേ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയാള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എന്നതാണ് അപൂര്‍വത.

2004 ഏപ്രില്‍ രണ്ടിന് വൈകിട്ട് മൂന്നിനാണ് ഒന്നര വയസുള്ള മകളുടെ മുന്നില്‍ വച്ച് കുട്ടികൃഷ്ണന്‍ ഭാര്യയെ വകവരുത്തിയത്. മകളുമായി പിറ്റേദിവസം മാന്നാര്‍ പോലിസ് സ്‌റ്റേഷനിലെത്തി താന്‍ ഭാര്യയെ കൊന്നതായി ഇയാള്‍ അറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എന്‍. അബ്ദുള്‍ റഷീദിനോട് ഇയാള്‍ സംഭവം വിവരിച്ചു. പ്രതിയുടെ മൊഴി ആധാരമാക്കി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ശാസ്ത്രീയമായി പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ ശാസ്ത്രീയമായി പരിശോധിച്ചത് കേസിന് ഗുണകരമായി.

വള്ളിക്കുന്നം രാമകൃഷ്ണ ഭവനത്തില്‍ റിട്ട.സൈനികന്‍ രാമകൃഷ്ണ കുറുപ്പ് ശങ്കരിയമ്മ ദമ്പതികളുടെ മകളാണ് ജയന്തി. കുട്ടികൃഷ്ണന്റെയും ജയന്തിയുടേയും രണ്ടാം വിവാഹമായിരുന്നു. കുട്ടമ്പേരൂര്‍ സ്വദേശിയായ കുട്ടികൃഷ്ണന്‍ വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്നു. മാന്നാറില്‍ വീടും സ്ഥലവും വാങ്ങി അവിടെ താമസമാക്കുകയായിരുന്നു. ബി.എസ്.സി. ബിരുദധാരിയായ ജയന്തിയെ സംശയത്തിന്റെ പേരില്‍ ഇയാള്‍ നിത്യവും ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഇയാള്‍ ഉപദ്രവിക്കുന്ന കാര്യം. മാതാപിതാക്കളെയും സഹോദരങ്ങളേയും ജയന്തി ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.

കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുമ്പും ജയന്തി വീട്ടുകാരെ വിളിച്ച് മര്‍ദിക്കുന്ന വിവരം പറഞ്ഞിരുന്നു. കൊല്ലപ്പെടുന്നതിന്റെ തലേദിവസം മാതാപിതാക്കള്‍ മാന്നാറിലെത്തി ജയന്തിയെ ആശ്വസിപ്പിച്ച് മടങ്ങി. ഇതിനിടയില്‍ കുട്ടികൃഷ്ണന്‍ ഫ്യൂറഡാന്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചു വച്ചു. മാന്നാറിലെ ഇരുമ്പുകടയില്‍ നിന്നും കത്തി, ചുറ്റിക ഉള്‍പ്പെടെ ആയുധങ്ങളും വാങ്ങി. ഇവ ഉപയോഗിച്ചാണ് മുറിക്കുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്.
ഈ സമയം ഒന്നേകാല്‍ വയസുള്ള മകളും മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ജീവന്‍ പോകുന്നതുവരെ ഇയാള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇടയില്‍ അനക്കം ഉണ്ടായതതോടെ തല കഴുത്തില്‍നിന്നും പൂര്‍ണമായി വേര്‍പെടുത്തി വയറിന്റെ ഭാഗത്ത് വെച്ചു. അന്നും അടുത്ത ദിവസവും മകളുമായി മൃതദേഹത്തിന് കാവലിരുന്ന ശേഷമാണ് കുഞ്ഞുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

കുറ്റകൃത്യത്തിനു ശേഷം റിമാന്റിലായിരുന്ന കുട്ടിക്കൃഷണന്‍ 84 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ കേസ് വിചാരണയിലിരിക്കെയാണ് ഇയാള്‍ ഒളിവില്‍ പോയത്. 2023 ഒക്‌ടോബര്‍ 19നാണ് വീണ്ടും പിടിയിലാകുന്നത്.

ജില്ലാ പോലിസ് മേധാവി ആയിരുന്ന ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എസ്.ഐ. അഭിരാം പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ സമയം ഇന്‍ഫോപാര്‍ക്കില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ സുഹൃത്ത് വഴി ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷനുമായി പരിചയത്തിലാവുകയും അയാളുടെ കൂടെ കട്ടപ്പനയില്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു.

അവിടെയെത്തിയപ്പോള്‍ ജ്യോതിഷന്‍ മരിച്ചെന്നും കുട്ടിക്കൃഷ്ണന്‍ ഒഡീഷയിലേക്ക് പോയെന്നും മനസിലാക്കി. ഇയാള്‍ പല കമ്പനികളിലും സെക്യൂരിറ്റി സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നതിനൊപ്പം ഷെയര്‍ മാര്‍ക്കറ്റ് ഓണ്‍ലൈന്‍ ട്രേഡ് ബിസിനസ് ചെയ്യുന്നതിനായി മുംബൈയില്‍ പോകാറുണ്ടായിരുന്നെന്ന് വിവരം ലഭിച്ചു. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നും കളമശേരി സ്വദേശിയ്‌ക്കൊപ്പം പോയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇയാളെ എറണാകുളം കളമശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
വാസ്തു, ജ്യോതിഷം എന്നിവയും സ്വകാര്യ സ്ഥാപനത്തിലെ പാര്‍ട്‌ടൈം ജോലിയുമായി കൃഷ്ണകുമാര്‍, കൃഷ്ണന്‍കുട്ടി, കെ.കെ എന്നീ പേരുകളില്‍ കഴിയുകയായിരുന്നെന്ന് പോലീസ് മനസിലാക്കി. അഞ്ചു മാസമായി നടത്തിയ അതീവ രഹസ്യാന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കുട്ടികൃഷ്ണന്റെ വിരലടയാളവും ഇരുവരുടേയും രക്തസാമ്പിളും ഫോറന്‍സിക് പരിശോധനാ ഫലവും തെളിവായി. 2023ല്‍ അറസ്റ്റിലായതോടെ ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന കുട്ടികൃഷ്ണന് പിന്നിട്ട് ജാമ്യം ലഭിച്ചില്ല. വിചാരണ കസ്റ്റഡിയില്‍ വെച്ചുതന്നെയാണ് നടന്നത്. കൊലപ്പെടുത്തിയ വിവരം ആദ്യം പറഞ്ഞത് വള്ളിക്കുന്നം സ്വദേശിയും മാന്നാറില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ താല്‍ക്കാലിക ജീവനക്കാരനുമായിരുന്ന സുഭാഷിനോടാണ് തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
വിസ്താരത്തിനിടയില്‍ താനല്ല കൊലനടത്തിയതെന്നും മറ്റാരോ ആണ് ചെയ്തതെന്നുമായിരുന്നു. ഇയാളുടെ വാദം സംഭവദിവസം സ്ഥലത്തില്ലാതിരുന്ന താന്‍ ജോലിസ്ഥലത്തായിരുന്നു എന്നും താന്‍ വീട്ടില്‍ എത്തുമ്പോള്‍ മറ്റാരോ വീട്ടില്‍ ഉണ്ടായിരുന്നതായും ഇയാള്‍ തന്നെ അക്രമിച്ചതായും കോടതിയില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരോടോ പരിശോധന നടത്തിയ ഡോക്ടറോടൊ മജിസ്‌ട്രേറ്റിനോടെ ഇക്കാര്യം ഇയാള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിഭാഗത്തിന് മറ്റൊരാളുടെ നാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞില്ല. സാക്ഷികളില്‍ ആറുപേര്‍ വിചാരണക്കിടയില്‍ മരണപ്പെട്ടു മൂന്നു പേര്‍ രോഗശയ്യയിലുമായിരുന്നു ആകെ 22 സാക്ഷികളെ വിസ്തരിച്ചു. 30 തൊണ്ടി മുതലുകളും ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ്‌കുമാര്‍, കെ.വിജയന്‍ പിള്ള, ആര്‍.സുജാദേവി, എ.ദീപക്, സച്ചു സുരേന്ദ്രന്‍, അനൂപ് പി.പിള്ള, പ്രിയ.എസ് എന്നിവര്‍ ഹാജരായി .എ.എസ്.ഐ ഡി.സിന്ധു, സി.പി.ഒ എസ്.ശ്രീനാഥ് എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

റിമാന്‍ഡ് കാലയളവില്‍ സബ്ജയിലില്‍ കിടന്ന സഹതടവുകാരനോട് സംഭാഷണത്തിനിടയില്‍ ഭാര്യയുടെ സ്വര്‍ണ ഉരുപ്പടികള്‍ വിടിന്റെ പിന്നില്‍ വാഴച്ചുവട്ടില്‍ കുഴിച്ചിട്ടിരിക്കുന്ന വിവരം പറഞ്ഞു. ഇയാള്‍ ജാമ്യത്തിലിറങ്ങി മാന്നാറിലെത്തി കുഴിച്ചിട്ട ആഭരണങ്ങള്‍ കവര്‍ന്ന സംഭവവും ഉണ്ടായി. പിന്നീട് മരിച്ചു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍…