തിരുവല്ല: മദ്യപിച്ച് ലക്കു കെട്ട് സമീപവാസികളുമായി ഉണ്ടായ വാക്കേറ്റത്തിനിടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് യുവാവിന്റെ തലയടിച്ച് പൊട്ടിച്ച സംഭവത്തില്‍ രണ്ട് ആന പാപ്പാന്മാര് പോലീസ് പിടിയില്‍. പായിപ്പാട് ഇല്ലത്ത് പറമ്പില്‍ ഇബ്രാഹിം കുട്ടി, വാഗമണ്‍ കോലാഹലമേട് വയലാറ്റു പറമ്പില്‍ രഞ്ജിത്ത് റെജി എന്നിവരാണ് അറസ്റ്റിലായത്.
നന്നൂര്‍ മുല്ലശ്ശേരില്‍ വീട്ടില്‍ ആകാശി (21) നെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. വള്ളംകുളം നന്നൂരില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയുടെ ഒന്നാം പാപ്പാനും മൂന്നാം പാപ്പാനും ആണ് പിടിയിലായത്. ആനയെ തളച്ചശേഷം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇബ്രാഹിംകുട്ടിയും രഞ്ജിത്തും ചേര്‍ന്ന് ആകാശും സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി.
ഇതേ തുടര്‍ന്ന് ഇരുമ്പ് തൊട്ടിയും വടിയും ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് ആകാശിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആകാശിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.