ഹൈദരാബാദിലെ മാരക മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സിന്തറ്റിക് മയക്കുമരുന്നു നിർമാണശാല കണ്ടെത്തിയത്. മയക്കുമരുന്ന് നിർമാണശാല കണ്ടെത്തുന്നതും ഉടമ അറസ്റ്റിലാകുന്നതും രാജ്യത്ത് ആദ്യമായാണ്. തൃശൂർ സിറ്റി പൊലീസിന്റേതാണ് ചരിത്രനേട്ടം.
രണ്ടരകിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ ബംഗളൂരുവിൽ നിന്ന് തൃശൂർ ലഹരിവിരുദ്ധസേന പിടികൂടി. ഇവരിൽ നിന്നാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ ശാലയെക്കുറിച്ച് വിവരം ലഭിച്ചത്. ഹൈദരാബാദിൽ എത്തിയ കേരള പൊലീസ് സംഘം അന്വേഷണത്തിനൊടുവിലാണ് ലാബ് കണ്ടെത്തിയത്.
ഹൈദരാബാദ് കൗകുട്ടല മഹേന്ദർ റെഡ്ഢി (37)യെയാണ് ആദ്യം പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് ലാബിന്റെയും ഫാക്ടറിയുടേയും ഉടമ ഹൈദരാബാദ് കക്കാട്ടുപ്പള്ളി നരസിംഹ എന്നറിയപ്പെടുന്ന വെങ്കിട നരസിംഹ രാജുവി (53)നെ അറസ്റ്റ് ചെയ്‌തത്. റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്താൽ ലാബിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ നിർമിക്കുന്ന രാസവസ്‌തുക്കൾ പിടിച്ചെടുത്തു. പൊലീസിനെ പൊലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങൾ ഫാക്ടറിയിൽ കണ്ടെത്തി. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഉപകരണങ്ങൾ. വ്യവസായ എസ്‌റ്റേറിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻ തോതിൽ മയക്കുമരുന്ന് ഉൽപദിപ്പിച്ചതായി വിവരം ലഭിച്ചു.
ക്യാൻസർ, മൂത്രാശയം, വൃക്ക എന്നീ അവയവങ്ങൾക്കുള്ള ചികിത്സക്കായി നിർമിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കൾ ഉൽപാദിപ്പിച്ചിരുന്നത്. ലഹരി മരുന്ന് വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നതായും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
പൊലീസിന് ബിഗ് സല്യൂട്ട്
സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, ഒല്ലൂർ എസിപി മുഹമ്മദ് നദിമുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് കേസിൽ അന്വേഷണം നടത്തിയത്. ഒല്ലൂർ ഇൻസ്‌പെക്ടർ ബെന്നി ജേക്കബ്, തൃശൂർ സിറ്റി ലഹരിവിരുദ്ധസേനയിലെ എസ്ഐമാരായ പി ഫയാസ്, കെ സി ബൈജു, പി രാകേഷ് , എഎസ്‌ഐ ടി വി ജീവൻ, സിപിഒ മാരായ എം എസ് ലിഗേഷ്, കെ ബി വിപിൻദാസ് എന്നിവരും ഒല്ലൂർ പൊലീസും റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സാഹസികവും ശാസ്‌ത്രീയവുമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതി ശതകോടീശ്വരൻ; സിനിമ നിർമാതാവ്
അറസ്റ്റിലായ വെങ്കിട നരസിംഹ രാജു ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനുമാണ്. 20 വർഷത്തിലധികമായി കെമിക്കൽ നിർമാണ ബിസിനസ് നടത്തുകയാണ്. അമേരിക്ക, ജർമനി, ജപ്പാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് കെമിക്കൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ഹിന്ദുപൂരിൽ 40 കോടിയോളം രൂപ ചെലവഴിച്ച് വൻകിട കെമിക്കൽ ഫാക്ടറി നിർമിക്കുന്നുണ്ട്. കോടികൾ ചെലവഴിച്ച് തെലുങ്ക് സിനിമയും നിർമിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ആളുകളുമായി നല്ല ബന്ധമുണ്ട്. സിനിമ മേഖലയിൽ ഇയാൾ മയക്കുമരുന്നു വിതരണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. തെലുങ്കാനയിലും ആന്ധ്രപ്രദേശിലുമായി കോടിക്കണക്കിനു രൂപയുടെ സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.