ശബരിമല: സന്നിധാനത്ത് താന്‍ എഴുതിയ ഗാനം കേട്ട് ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സുധര്‍മ്മദാസ് എന്ന ഫോട്ടോഗ്രാഫര്‍. ആലപ്പുഴ ചേര്‍ത്തല പാണാവള്ളി സ്വദേശിയും കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫറുമാണ് എന്‍.ആര്‍.സുധര്‍മ്മദാസ്. ഇദ്ദേഹത്തിന്റെ രണ്ടാം രചനയായ ”മലയിലുണ്ടയ്യന്‍” എന്ന ഭക്തിഗാന വീഡിയോ ആല്‍ബത്തിലെ ഗാനമാണ് സന്നിധാനത്തും പമ്പയിലും ആയി ഇടവേളകളില്‍ മുഴങ്ങി കേള്‍ക്കുന്നത്.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയപ്പോഴാണ് മലയിലുണ്ടയ്യന്‍ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിത്തുടങ്ങിയത്. കഴിഞ്ഞ ആഴ്ച സന്നിധാനത്ത് നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണന്‍ പോറ്റി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. സുജീഷ് വെള്ളാനി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഗോവിന്ദ് വേലായുധാണ് ആലപിച്ചത്. കെ. മധുവാണ് ഗാന ചിത്രീകരണത്തിന്റെ സംവിധാനവും ഡി.ഒ.പിയും നിര്‍വഹിച്ചത്. സര്‍ഗം മ്യൂസിക്‌സ് ആണ് ഗാനം പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം സുധര്‍മ്മദാസിന്റെ രചനയില്‍ പുറത്തിറങ്ങിയ അയ്യാ നിന്‍ സന്നിധിയിലെന്ന അയ്യപ്പ ഭക്തിഗാനവും പ്രേക്ഷക പ്രീതി നേടിയിരുന്നു.