ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കഴിയുന്നില്ല: വിദേശത്ത് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

1 second read
Comments Off on ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കഴിയുന്നില്ല: വിദേശത്ത് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
0

പത്തനംതിട്ട: ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ വിദേശത്ത് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. ചൈനയിലെ സി.ടി.ജി.യു യൂണിവേഴ്‌സിറ്റിയില്‍ 2016 ബാച്ചില്‍പ്പെട്ട മെഡിക്കല്‍ ബിരുദ പഠനത്തിനായി പോയി മൂന്നര വര്‍ഷത്തിന് ശേഷം കോവിഡിനെ തുടര്‍ന്ന് 2020 ജനുവരിയില്‍ നാട്ടിലേക്കു മടങ്ങിയെത്തിയ എഴുപതോളം വിദ്യാര്‍ഥികളുടെ ഭാവിയാണ് തുലാസിലുള്ളത്.

ഇതില്‍ 30 പേര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 2020 ജനുവരിക്കു ശേഷം പഠനം ഡിജിറ്റല്‍ ക്ലാസ് റും സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു. മൂന്നു സെമസ്റ്ററിലെ പഠനമാണ് ഈ വിധത്തില്‍ പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈനായി തന്നെ പരീക്ഷ നടത്തി ഫലവും പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നടന്നു വരുന്ന എഫ്.എം.ജി.ഇ ടെസ്റ്റും പാസായി. കേരളാ സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ പ്രൊവിഷണല്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ കൊടുത്ത് ഫീസുമടച്ചു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോഴാണ് മെഡിക്കല്‍ കൗണ്‍സില്‍ തടസവാദമുന്നയിച്ചത്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അവസാന വര്‍ഷം ക്ലിനിക്കല്‍ പ്രാക്ടീസ് ചെയ്യേണ്ടതുണ്ട്.

പഠനം നാട്ടിലിരുന്ന് ഓണ്‍ലൈനില്‍ ആയിരുന്നതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചില്ല. ഇതാണ് ഇവിടെ ഇന്റേണ്‍ഷിപ് ചെയ്യുന്നതിന് തടസം. ഇന്റേണ്‍ഷിപ്പ് ചൈനയിലോ ഇന്ത്യയിലോ ചെയ്യാവുന്നതാണ്. അത് പൂര്‍ത്തിയാക്കിയാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി നല്‍കും. എന്നാല്‍ കോവിഡിനു ശേഷം ചൈന വിസ അനുവദിച്ചു തുടങ്ങിയത് ഇക്കഴിഞ്ഞ ജൂണിനു ശേഷമാണ്. അപ്പോഴേക്ക് കുട്ടികളുടെ സ്റ്റുഡന്റ് വിസ കാലാവധിഅവസാനിച്ചു. കോവിഡ് കാരണം പകുതി കുട്ടികള്‍ക്കു ഫീസ് അടച്ചെങ്കിലും പരീക്ഷ എഴുതുവാന്‍ കഴിയാതെ വന്നു. ഇനി ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യണമെങ്കില്‍ കോവിഡ് കാലത്തു ഓണ്‍ലൈന്‍ ക്ലാസിനോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന ക്ലിനിക്കല്‍ പ്രാക്ടീസ് പൂര്‍ത്തീകരിക്കണമെന്ന് എന്‍.എം.സി നിബന്ധന വച്ചു. ഇപ്പോള്‍ ചൈന വിസ പുതിക്കിത്തരാത്ത കാരണത്താല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്താനും കഴിയുന്നില്ല.

ചൈനയിലെ നിബന്ധന പ്രകാരം മെഡിക്കല്‍ പഠനം എട്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചിരിക്കണം. ഇന്ത്യയില്‍ എന്‍.എം.സി റെഗുലേഷന്‍ അനുസരിച്ച് ഫൈനല്‍ പരീക്ഷ പാസായി രണ്ടു വര്‍ഷത്തിനകമോ എഫ്.എം.ജി.ഇ പാസായി രണ്ടു വര്‍ഷത്തിനകമോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കണം. കോഴ്‌സിന് ചേര്‍ന്നിട്ട് ഇപ്പോള്‍ 7 വര്‍ഷം പിന്നിട്ടു. എഫ്.എം.ജി.ഇ പാസായിട്ട് ഒന്നര വര്‍ഷവുമായി. എന്നിട്ടും ഇന്റേണ്‍ഷിപ്പിന് ചേരുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. മെറിറ്റില്‍ ഇന്ത്യയില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യത്തിലും സ്വകാര്യ സീറ്റിനായി ഭാരിച്ച തുക മുടക്കുവാനില്ലാതിരുന്നതി നാലുമാണ് പലരും വിദേശ പഠന മാര്‍ഗം തേടിയത്.

മഹാവിപത്ത് സംഭവിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവിയും സ്വപ്നങ്ങളും തകര്‍ന്നടിയുന്നതു തടയുവാനുള്ള ഉത്തരവാദിത്വം ഭരണ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും 25-26 വയസ് കഴിഞ്ഞവരാണ്. ഇനിയും പുതുതായി മറ്റെന്തെങ്കിലും കോഴ്‌സിന് പഠിക്കുവാനും കഴിയില്ല. രക്ഷിതാക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും വന്നിട്ടുണ്ട്.
ഇവരുടെ ജൂനിയേഴ്‌സിനും സീനിയേഴ്‌സിനും ഇത്തരം പ്രശ്‌നം ഉണ്ടായിട്ടുമില്ല. 2016 ബാച്ചിന് മാത്രമാണ് പ്രശ്‌നമുണ്ടായത്. ഒന്നുകില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് നഷ്ടപ്പെട്ട വിദ്യാര്‍ഥികര്‍ക്ക് അത് പരിഹരിക്കാന്‍ ഇന്ത്യയില്‍ സി.ആര്‍.എം.ഐ രണ്ടുവര്‍ഷം ചെയ്യുന്നതിനുള്ള അനുമതി നല്‍കുകയോ അല്ലെങ്കില്‍ ചൈനീസ് സര്‍ക്കാരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി വിസ പുതുക്കുന്നതിനും അവിടുത്തെ യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ ട്രെയിനിങ്ങും ഇന്റേണ്‍ഷിപ്പും പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനം ചെയ്തുതരികയോ വേണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു.

2017 ബാച്ചില്‍പ്പെട്ട കുട്ടികളുടെ വിസ കാലാവധി കഴിയാതിരുന്നതുകൊണ്ട് അവര്‍ തിരികെ ചൈനയിലേക്ക് പോയി ഇന്റേണ്‍ഷിപ് ചെയ്തു തുടങ്ങി. സീനിയര്‍ ബാച്ചിലെ കുട്ടികളെ ഇന്ത്യയില്‍ത്തന്നെ ഇന്റേണ്‍ഷിപ് ചെയ്യുവാന്‍ എന്‍. എം. സി അനുമതിയും നല്‍കിയിട്ടുണ്ടെന്ന്് എം.കെ. ശ്രീലാല്‍ ഇലന്തൂര്‍, എ.എന്‍. പ്രസന്നന്‍ വടശേരിക്കര, അഞ്ജു ശ്രീലാല്‍, ഉണ്ണിമായ പ്രസന്നന്‍ എന്നിവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…